അബുദബി: ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസിനെതിരെ ശ്രീലങ്കക്ക് ഉജ്ജ്വല വിജയം. ശ്രീലങ്ക ഉയർത്തിയ 190 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന വിൻഡീസിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റണ്‍സ് നേടാനേ സാധിച്ചുള്ളു. 81 റണ്‍സ് എടുത്ത ഷിമ്റോണ്‍ ഹെറ്റ്‌മെയറും, 46 റണ്‍സെടുത്ത നിക്കോളാസ് പുരാനും മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്.
വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് ബാറ്റർമാർ നിലയുറപ്പിക്കും മുന്നേ കൂടാരം കയറുന്ന കാഴ്‌ചയായിരുന്നു കാണാൻ സാധിച്ചത്. രണ്ടാം ഓവറിൽ തന്നെ ഓപ്പണര്‍മാരായ ക്രിസ് ഗെയ്ല്‍ (1), എവിന്‍ ലൂയിസ് (8) എന്നിവര്‍ ഡഗ്ഔട്ടില്‍ തിരിച്ചെത്തി. ബിനുര ഫെര്‍ണാണ്ടോയാണ് ഇരുവരെയും മടക്കിയത്. ആറാം ഓവറില്‍ ഒമ്പത് റണ്‍സുമായി റോസ്റ്റണ്‍ ചേസും മടങ്ങി.
ആന്ദ്രേ റസ്സല്‍ (2), ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ് (0) എന്നിവരെല്ലാം പതിവുപോലെ നിരാശപ്പെടുത്തി. ഡ്വെയ്ന്‍ ബ്രാവോ (2), ജേസണ്‍ ഹോള്‍ഡര്‍ (8) എന്നിവരും വളരെ പെട്ടന്ന് തന്നെ പുറത്തായി. അവസാന ഓവർ വരെ ഹെറ്റ്‌മെയർ പൊരുതി നോക്കിയെങ്കിലും താരത്തിന് പിന്തുണ നൽകാൻ ആരും ഇല്ലായിരുന്നു. ലങ്കയ്ക്കായി ബിനുര ഫെര്‍ണാണ്ടോ, ചാമിക കരുണരത്‌നെ, വാനിന്ദു ഹസരംഗ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.