ദുബായ് : ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 110 റണ്‍സേ നേടാനായുള്ളൂ. ആദ്യ ഓവറുകൾ മുതലേ ഇന്ത്യൻ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയ ന്യൂസിലാൻഡ് ബോളർമാരാണ് കളിയുടെ ഗതി മാറ്റിയത്.
സൂര്യകുമാർ യാദവിന് പകരം ഓപ്പണിങ്ങിനിറങ്ങിയ ഇഷാൻ കിഷന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 4 റണ്‍സ് നേടിയ താരത്തെ ട്രെന്‍റ് ബോൾട്ട് പുറത്താക്കുകയായിരുന്നു. പിന്നാലെ എത്തിയ രോഹിത് ശർമയും കെഎൽ രാഹുലും ചേർന്ന് സ്കോർ മെല്ലെ മുന്നോട്ട് നീക്കി. എന്നാൽ ടീം സ്കോർ 35 ൽ വച്ച് രാഹുലിനെ(18) ടിം സൗത്തി പുറത്താക്കി.
പിന്നാലെ തന്നെ രോഹിത്തും കൂടാരം കയറി. 14 റണ്‍സെടുത്ത താരത്തെ ഇഷ് സോധിയാണ് പുറത്താക്കിയത്. തുടർന്നിറങ്ങിയ റിഷഭ് പന്തും ക്യാപ്‌റ്റന്‍ വിരാട് കോലിയും വിക്കറ്റ് പോകാതെ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ടീം സ്കോർ 48 ൽ വച്ച് കോലിയെ ഇന്ത്യക്ക് നഷ്ടമായി. 17 പന്തിൽ 9 റണ്‍സ് നേടിയ താരത്തെ സോധി തന്നെയാണ് പുറത്താക്കിയത്.