അബുദബി : ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ കുഞ്ഞൻമാരായ നമീബിയയെ തകർത്ത് തുടർച്ചയായ നാലാം ജയത്തോടെ പാകിസ്ഥാൻ സെമിയിൽ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍റെ 190 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നമീബിയ ശക്തമായി പൊരുതി നിന്നെങ്കിലും 20 ഓവറിൽ 144 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
43 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡേവിഡ് വീസും, 40 റണ്‍സ് നേടിയ ക്രെയ്‌ഗ് വില്യംസുമാണ് നമീബിയയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. വലിയ സ്കോർ പിന്തുടർന്നിറങ്ങിയ നമീബിയൻ ബാറ്റർമാർ ആക്രമിച്ച് കളിക്കുന്നതിന് പകരം പ്രതിരോധത്തിലൂന്നിയ മത്സരമാണ് കാഴ്‌ചവച്ചത്. ഓപ്പണർ മൈക്കൽ വാൻ ലിംഗനെ(4) തുടക്കത്തിലേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച സ്റ്റീഫൻ ബാർഡും, ക്രെയ്‌ഗ് വില്യംസും ചേർന്ന് നമീബിയയെ 50 കടത്തി.
എന്നാൽ അനാവശ്യ റണ്‍സിനായി ഓടിയ ബെറാര്‍ഡ്(29) പുറത്തായശേഷം ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മുസ്(15), ഡേവിഡ് വീസ്(31പന്തില്‍ 43*) എന്നിവര്‍ നടത്തിയ പോരാട്ടം നമീബിയയുടെ തോല്‍വിഭാരം കുറച്ചു. ജെ.ജെ സ്മിത്ത്(2), നിക്കോൾ ലോഫ്‌റ്റി എയ്‌ടണ്‍(7) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. പാകിസ്ഥാനുവേണ്ടി ഹസന്‍ അലി, ഇമാദ് വാസിം, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.