കൊവിഡാനന്തരം കളിക്കളങ്ങള്‍ പുത്തന്‍വേഗം നേടിയ വര്‍ഷമാണിത്. മൈതാനങ്ങളിലേക്ക് കാണികള്‍ തിരിച്ചെത്തിയ 2022 ഏറെ സംഭവബഹുലമാണ്. വീറും വാശിയ്‌ക്കുമപ്പുറം ലോകമെമ്പാടും നടന്ന വിവിധ പ്രക്ഷോഭങ്ങളുടെ ആഘാതവും ഇത്തവണ മൈതാനങ്ങളില്‍ അലയടിക്കപ്പെട്ടു. നേട്ടത്തിനും കോട്ടത്തിനുമൊപ്പം വിവാദങ്ങള്‍ കൂടി നിറഞ്ഞ ഈ വര്‍ഷത്തെ കായിക ലോകം എങ്ങനെ അടയാളപ്പെടുത്തിയെന്ന് നോക്കാം.
- കത്തിക്കയറിയ വിവാദങ്ങള്‍
ജോക്കോയുടെ നാടുകടത്തല്‍: ജനുവരി ആദ്യ വാരം സീസണ്‍ ഓപ്പണറായ ഓസ്‌ട്രേലിയന്‍ ഓപ്പണിനായി സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയയില്‍ എത്തിയത് മുതലുള്ള സംഭവങ്ങള്‍ കായിക ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. കൊവിഡ് വാക്‌സിനെടുക്കാതെ രാജ്യത്ത് പ്രവേശിച്ച താരത്തെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒടുവില്‍ നാടുകടത്തുകയായിരുന്നു.
ജനുവരി ആറിന് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ ജോക്കോയെ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിന് തടഞ്ഞുവച്ചിരുന്നു. തുടര്‍ന്ന് രണ്ട് തവണ വിസ റദ്ദാക്കപ്പെട്ടതോടെയാണ് താരം നാടുകടത്തപ്പെട്ടത്. തീരുമാനത്തിനെതിരെ ലോക ഒന്നാം നമ്പറായിരുന്ന ജോക്കോ നിയമ പോരാട്ടത്തിനിറങ്ങിയെങ്കിലും കോടതി സര്‍ക്കാര്‍ നടപടി ശരിവച്ചു. കൊവിഡ് വാക്സിന്‍ എടുക്കാത്ത ജോക്കോ പൊതു സമൂഹത്തിന് ഭീഷണിയാണെന്ന് ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്‌തു.
കോലിയുടെ പടിയിറക്കവും അലയൊലികളും:ഈ വര്‍ഷം ജനുവരിയിലാണ് വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. 2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ വര്‍ഷം അവസാനിച്ചത് ഏകദിന ടീമിന്‍റെ നായക സ്ഥാനത്ത് നിന്നുമുള്ള കോലിയുടെ പുറത്താവലോടെയാണ്.
ഇതിന്‍റെ ബാക്കി പത്രമെന്നോണമാണ് ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനമൊഴിയുന്നതായി ജനുവരി രണ്ടാം വാരം കോലി പ്രഖ്യാപിക്കുന്നത്. കോലിയും രോഹിത്തും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നുവെങ്കിലും അതിനെയെല്ലാം തള്ളുകയായിരുന്നു കോലി ചെയ്‌തിരുന്നത്. എന്നാല്‍ സെപ്‌റ്റംബറില്‍ ഏഷ്യ കപ്പിന് പിന്നാലെയുള്ള താരത്തിന്‍റെ വാര്‍ത്ത സമ്മേളനം വീണ്ടും ചര്‍ച്ചയായി.
ടെസ്റ്റ് ക്യാപ്റ്റന്‍സി ഉപേക്ഷിച്ചപ്പോള്‍ തനിക്ക് ആരും സന്ദേശം അയച്ചില്ലെന്നും ധോണി മാത്രമാണ് അതു ചെയ്‌തതെന്നുമായിരുന്നു കോലി പറഞ്ഞത്. തങ്ങള്‍ രണ്ട് പേര്‍ക്കും പരസ്‌പരം അരക്ഷിതാവസ്ഥ ഉണ്ടായിരുന്നില്ല. തനിക്ക് ആരോടേലും എന്തെങ്കിലും പറയാനുണ്ടേല്‍ വ്യക്തിപരമായി സമീപിച്ച് പറയും.
അതാണ് മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു കോലിയുടെ വാര്‍ത്ത സമ്മേളനത്തിന്‍റെ ചുരുക്കം. ഇതിന് പിന്നാലെ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുള്‍പ്പെടെ 34കാരനായ കോലിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
സഞ്‌ജുവും പന്തും:സഞ്‌ജു സാംസണെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയുന്നത് വലിയ ഒച്ചപ്പാടിന് വഴിയൊരുക്കി. ബിസിസിഐക്ക് ഏതിരെ പരസ്യമായി ആരാധകര്‍ രംഗത്തെത്തിയ വര്‍ഷമാണിത്. മോശം ഫോമിലുള്ള റിഷഭ് പന്തിന് നിരന്തരം അവസരം നല്‍കുമ്പോള്‍ മികച്ച ഫോമിലുള്ള സഞ്‌ജുവിനെ പുറത്തിരുത്തുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ബിസിസിഐയുടെ വൃത്തികെട്ട രാഷട്രീയമാണ് സഞ്‌ജുവിനെ പുറത്തിരുത്തുന്നതിന് പിന്നിലെന്നും ഇതവസാനിപ്പിക്കണമെന്നുമാണ് ആരാധകര്‍ ആവശ്യപ്പെട്ടത്. സഞ്‌ജുവിനെ തഴയുന്നത് അന്താരാഷ്‌ട്ര തലത്തില്‍ ഉള്‍പ്പെടെ നിരവധി മുന്‍ താരങ്ങള്‍ ചോദ്യം ചെയ്യുകയും ചെയ്‌തു.
ഇന്ത്യയ്‌ക്ക് ഫിഫ വിലക്ക്:ഈ വര്‍ഷം ഓഗസ്റ്റിലാണ് ഓള്‍ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനെ (എഐഎഫ്‌എഫ്) ഫിഫ വിലക്കിയത്. എഐഎഫ്‌എഫ് ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്നായിരുന്നു ഫിഫയുടെ നടപടി. കാലാവധി കഴിഞ്ഞിട്ടും ഫെഡറേഷന്‍റെ തലപ്പത്ത് തുടര്‍ന്ന പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ച് വിട്ട സുപ്രീം കോടതി ഫെഡറേഷന്‍റെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ പ്രത്യേക ഭരണസമിതി രൂപീകരിച്ചതാണ് ഫിഫയെ ചൊടിപ്പിച്ചത്.
വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങളില്‍ കളിക്കാനോ ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് എഎഫ്‍സി വനിത ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ രാജ്യാന്ത ടൂര്‍ണമെന്‍റുകളില്‍ കളിക്കാനോ കഴിയാത്ത സാഹചര്യം വന്നിരുന്നു. പ്രത്യേക ഭരണസമിതി സുപ്രീം കോടതി പിരിച്ച് വിട്ടതോടെയാണ് ഫിഫ വിലക്ക് പിന്‍വലിച്ചത്. 12 ദിവസമാണ് ഇന്ത്യയ്‌ക്ക് വിലക്ക് ലഭിച്ചത്. ഫെഡറേഷന്‍റെ 83 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ വിലക്കായിരുന്നുവിത്.
ക്രിസ്റ്റ്യാനോ തനിച്ചാവുന്നു: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അസ്വാരസ്യങ്ങള്‍ ഈ വര്‍ഷമാദ്യം തന്നെ വെളിപ്പെട്ടിരുന്നു. യുണൈറ്റഡ് വിടാന്‍ 37കാരന്‍ നടത്തിയ ശ്രമങ്ങളാണ് ആദ്യം ചര്‍ച്ചയായത്. ക്രിസ്റ്റ്യാനോ തങ്ങളുടെ പ്രധാന താരമാണെന്ന് യുണൈറ്റഡ് വിശദീകരിച്ചെങ്കിലും
പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്‍റെ ആദ്യ ഇലവനില്‍ നിന്നും താരം പലപ്പോഴും പുറത്തായിരുന്നു. ഇക്കാര്യത്തില്‍ പല തവണ തന്‍റെ അതൃപ്‌തി 37കാരനായ ക്രിസ്റ്റ്യാനോ പ്രകടമാക്കിയിരുന്നു.
ഒക്‌ടോബറില്‍ ടോട്ടനത്തിനെതിരായ മത്സരത്തില്‍ പകരക്കാരുടെ ബെഞ്ചിലിരിക്കെ മത്സരം തീരാതെ മൈതാനം വിട്ടുപോയ ക്രിസ്റ്റ്യാനോയുടെ പ്രവൃത്തി ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് ക്രിസ്റ്റ്യാനോ നല്‍കിയ അഭിമുഖം വിവാദമായതോടെ ക്ലബുമായുള്ള താരത്തിന്‍റെ ബന്ധവും അവസാനിച്ചു. യുണൈറ്റഡില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് താരം അഭിമുഖത്തില്‍ തുറന്നടിച്ചത്.
പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് തനിക്ക് ബഹുമാനമില്ല. എറിക് ടെന്‍ ഹാഗും യുണൈറ്റഡിലെ ഉയര്‍ന്ന പദവിയിലിരിക്കുന്ന ചിലരും ചേര്‍ന്ന് തന്നെ ക്ലബില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ ആരോപിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ ഖത്തറില്‍ ലോകകപ്പ് തേടിയെത്തിയ താരം ദേശീയ ടീമിലും ഒടുവില്‍ ഒറ്റപ്പെട്ടു. ഖത്തറില്‍ ഗോളടിയോടെ തുടങ്ങിയെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ പകരക്കാരുടെ ബെഞ്ചിലായിരുന്നു താരത്തിന് സ്ഥാനം.
ഇതുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗല്‍ പരിശീലകന്‍ സാന്‍റോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിസ്റ്റ്യാനോയുടെ പങ്കാളി ജോർജിന റോഡ്രിഗസ് രംഗത്തെത്തിയിരുന്നു. ഒടുവില്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോടുള്ള തോല്‍വിക്ക് പിന്നാലെ കരഞ്ഞുകൊണ്ട് ഒറ്റയ്‌ക്ക് കളം വിടുന്ന താരത്തിന്‍റെ ദൃശ്യം ആരാധകരെ വേദനിപ്പിക്കുന്നതായിരുന്നു. മൊറോക്കന്‍ താരങ്ങള്‍ക്ക് പുറമെ പരിശീലകന്‍ സാന്‍റോസ് മാത്രമായിരുന്നു റോണോയെ ആശ്വസിപ്പിക്കാനെത്തിയത്. റോണോയെ പുറത്തിരുത്തിയതില്‍ തനിക്ക് കുറ്റബോധമില്ലെന്നാണ് സാന്‍റോസ് ഏറ്റവും ഒടുവില്‍ പ്രതികരിച്ചത്.
ഖത്തര്‍ ലോകകപ്പില്‍ വിവാദങ്ങളുടെ ഭൂതം: മിഡിലീസ്റ്റും അറബ് ലോകവും ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പാണ് ഇക്കുറി ഖത്തറില്‍ നടന്നത്. സാധാരണ ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ടൂര്‍ണമെന്‍റ് ഖത്തറിന്‍റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പരിഗണിച്ചാണ് ഈ വര്‍ഷം ഡിസംബറില്‍ നടത്താന്‍ ഫിഫ തീരുമാനിച്ചത്.
എന്നാല്‍ ലോകകപ്പുമായി ബന്ധപ്പെട്ട സ്റ്റേഡിയം നിര്‍മ്മാണം ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ട് കടുത്ത മനുഷ്യാവകാശം നടന്നതായി റിപ്പോര്‍ട്ടുകള്‍ വമ്പന്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലോകകപ്പ് ആതിഥേയത്വം ഖത്തറിന് നല്‍കിയ തീരുമാനം തെറ്റായി പോയെന്ന് ഈ വര്‍ഷം നവംബറില്‍ ഫിഫ മുന്‍ പ്രസിഡന്‍റ് സെപ്പ് ബ്ലാറ്റര്‍ പ്രസ്‌താവന നടത്തുകയും ചെയ്‌തു.
സ്വവര്‍ഗാനുരാഗികളടക്കമുള്ള എല്‍ജിബിടിക്യു പ്ലസ് സമൂഹത്തിനെതിരായ ഖത്തര്‍ ഭരണകൂടത്തിന്‍റെ നിലപാടിലുള്ള പ്രതിഷേധങ്ങളും വമ്പന്‍ വിവാദത്തിന് വഴിയൊരുക്കി. ഭരണകൂടത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് മഴവില്‍ വര്‍ണത്തില്‍ 'വണ്‍ ലൗ' എന്ന് എഴുതിയ ആംബാന്‍ഡ് ധരിക്കുമെന്ന് ചില യൂറോപ്യന്‍ ടീമുകള്‍ പ്രഖ്യാപിച്ചിരുന്നു.
ഇംഗ്ലണ്ട്, ജർമനി, വെയ്ല്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് ടീമുകളാണ് പ്രതിഷേധത്തിന് ഒരുങ്ങിയിരുന്നത്. എന്നാല്‍ വിലക്കുള്‍പ്പെടെയുള്ള ഫിഫയുടെ ഭീഷണി ഭയന്ന് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് ഇതില്‍ നിന്നും പിന്മാറുന്നതായി ടീമുകള്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു. സ്റ്റേഡിയങ്ങളില്‍ മദ്യം നല്‍കാത്ത ഫിഫയുടെ നടപടിയും വിവാദമായിരുന്നു.
- അരങ്ങ് തകര്‍ത്ത പ്രതിഷേധങ്ങള്‍
വർണ വിവേചനത്തിനെതിരെ തുടരുന്ന പോരാട്ടങ്ങള്‍: അമേരിക്കയിൽ ജോർജ് ഫ്‌ളോയിഡ് എന്ന കറുത്ത വർഗക്കാരനെ പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയത് 2020ലാണ്. ലോക മനസാക്ഷിയെ നടക്കിയ സംഭവത്തിന് പിന്നാലെ വർണ വിവേചനത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നു.
ഇതിന്‍റെ ഭാഗമായുള്ള 'ബ്ലാക്‌സ് ലൈവ് മാറ്റെര്‍' കാമ്പയ്‌ന്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. ഇതിന്‍റെ ഭാഗമായുള്ള പ്രതിഷേധങ്ങള്‍ ഇന്നും കളിക്കളത്തില്‍ അലയടിക്കുന്നുണ്ട്. മൈതാനത്ത് മുട്ടുകുത്തിയും മുഷ്ടി ചുരുട്ടിയുമാണ് താരങ്ങളുടെ പ്രതിഷേധം അരങ്ങേറാറുള്ളത്. ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇറാനെതിരെയിറങ്ങും മുമ്പ് ഇംഗ്ലണ്ട് താരങ്ങള്‍ വർണ്ണവിവേചനത്തിനെതിരെ പ്രതിഷേധിച്ച് മൈതാനത്ത് മുട്ടുകുത്തിയിരുന്നു.
പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവുന്നു: ആഗോള താപനം ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളും ഈ വര്‍ഷം കളിക്കളത്തെ ചൂടുപിടിപ്പിച്ചു. ജൂണില്‍ ഫ്രഞ്ച് ഓപ്പണിനിടെയും സെപ്‌റ്റംബറില്‍ ലേവര്‍ കപ്പിനിടെയുമുള്ള ആരാധകരുടെ പ്രതിഷേധം ഏറെ ജന ശ്രദ്ധ ആകര്‍ഷിച്ചു. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തലേ ദിവസമാണ് ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍ പോരാട്ടത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തകയായ യുവതിയുടെ വേറിട്ട പ്രതിഷേധം അരങ്ങേറിയത്.
മത്സരം പുരോഗമിക്കുന്നതിനിടെ ഒരു യുവതി കാണികള്‍ക്കിടയില്‍ നിന്നും കോര്‍ട്ടിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ഇനി 1028 ദിവസം മാത്രമാണ് നമുക്ക് മുന്നില്‍ അവശേഷിക്കുന്നത് എന്നെഴുതിയ ടീ ഷര്‍ട്ടാണ് അവര്‍ ധരിച്ചിരുന്നത്. കോര്‍ട്ടില്‍ ഇറങ്ങിയ പാടെ കൈകള്‍ ലോഹ വയര്‍ കൊണ്ട് നെറ്റ്സില്‍ ബന്ധിപ്പിക്കുകയും ചെയ്‌തിരുന്നു.
തുടര്‍ന്ന് മുട്ടുകുത്തിയ യുവതിെയ അനുനയിപ്പിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും വഴങ്ങിയിരുന്നില്ല. പിന്നീട് കൈകള്‍ നെറ്റ്സില്‍ ബന്ധിച്ചത് അറുത്തുമാറ്റിയശേഷം യുവതിയെ കോര്‍ട്ടില്‍ നിന്ന് നീക്കുകയായിരുന്നു.
ലേവർ കപ്പ് ടെന്നിസിനിടെ കോർട്ടിലെത്തിയ പ്രതിഷേധക്കാരൻ കൈയില്‍ തീകൊളുത്തുകയായിരുന്നു. ബ്രിട്ടനിൽ സ്വകാര്യ ജെറ്റ് വിമാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെയായിരുന്നു ഇയാളുടെ പ്രതിഷേധം. ജെറ്റുകൾ പുറന്തള്ളുന്ന കാർബൺ, വ്യാപക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നതിനാൽ ഇവ വിലക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയിലെ അംഗമായിരുന്നു ഇയാളെന്ന് പൊലീസ് പിന്നീട് അറിയിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും പരിസ്ഥിതി പ്രശ്‌നങ്ങളുയര്‍ത്തി ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ചില്‍ എവർട്ടണും ന്യൂകാസിൽ യുണൈറ്റഡും തമ്മിൽ നടന്ന മത്സരം കുറച്ചു നേരത്തേക്ക് നിർത്തി വെക്കേണ്ടി വന്നു. എവർട്ടന്‍റെ മൈതാനമായ ഗൂഡിസൺ പാർക്കിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്.
മത്സരത്തിനിടയിൽ സ്വന്തം കഴുത്ത് ഗോൾപോസ്റ്റിൽ കെട്ടിയിട്ടാണ് ഇയാള്‍ പ്രതിഷേധിച്ചത്. കെട്ടിയ കയർ ഊരി മാറ്റാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പെട്ടതോടെ ബോൾട്ട് കട്ടറുകളും കത്രികയും ഉപയോഗിച്ച് ഇതു മുറിച്ച് മാറ്റിയാണ് പ്രതിഷേധക്കാരനെ കളത്തിന് പുറത്തെത്തിച്ചത്. ഫോസിൽ ഫ്യൂവൽ വിതരണം ചെയ്യുന്ന എല്ലാ പ്രോജെക്റ്റുകളും സർക്കാർ നിർത്തലാക്കണം എന്ന ആവശ്യമായിരുന്നു പ്രതിഷേധത്തിന് പിന്നില്‍.
വിംബിള്‍ഡണിന്‍റെ ചരിത്രം മാറുന്നു: വിംബിള്‍ഡണ്‍ ടെന്നീസില്‍ കളിക്കാനിറങ്ങുന്ന താരങ്ങള്‍ വെള്ള വസ്ത്രം ധരിക്കണമെന്നാണ് നിയമം. എന്നാല്‍ ഈ ജൂണില്‍ വനിത താരങ്ങളുടെ ആര്‍ത്തവം ഏറെ ചര്‍ച്ചയായിരുന്നു. ചൈനീസ് താരം ക്യുന്‍വെന്‍ സാങാണ് ഇതിന് തിരികൊളുത്തിയത്.
ഫ്രഞ്ച് ഓപ്പണില്‍ ഇഗ സ്വീറ്റെക്കുമായുള്ള മത്സരത്തിന് ശേഷം തന്‍റെ പ്രകടനം മോശമാകാന്‍ കാരണം ആര്‍ത്തവസമയത്തെ വേദനയായിരുന്നെന്ന് ക്യുന്‍വെന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിംബിള്‍ഡണിലെ വെള്ള വസ്ത്രവും ആര്‍ത്തവ സമയത്ത് വനിത താരങ്ങള്‍ വെള്ള വസ്‌ത്രം ധരിക്കുന്നതിലെ പ്രായോഗികതയാണ് ചോദ്യം ചെയ്യപ്പെടുകയും ചെയ്‌തു. വെള്ള വസ്ത്രം നിർബന്ധമാക്കിയുള്ള നിയമം റദ്ദാക്കണമെന്ന് നിരവധി വനിത താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.