ലാസ്കോ : സ്ലോവേനിയയിലെ ലാസ്‌കോയിൽ നടക്കുന്ന ലോക ടേബിൾ ടെന്നിസ് കണ്ടൻഡർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം മണിക ബത്ര വനിത സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അതേ സമയം പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ജി സത്യൻ തോൽവി വഴങ്ങി.
കഴിഞ്ഞ റൗണ്ടിൽ സ്ലോവാക്യയുടെ തത്യാന കുകുൽക്കോവയെ തോൽപ്പിച്ച മാണിക രണ്ടാം റൗണ്ടിൽ ബലാറസിന്‍റെ ഡാരിയ ട്രിഗോലോസിനെ 3-1നാണ് കീഴടക്കിയത്. 11-8, 8-11, 12-10, 11-4 എന്ന സ്‌കോറിനാണ് ലോക 58-ാം നമ്പർ താരമായ മണിക ബലാറസ് താരത്തെ കീഴ്‌പ്പെടുത്തിയത്.
പുരുഷ സിംഗിൾസിൽ 1-3നായിരുന്നു ജി സത്യൻ തോൽവി വഴങ്ങിയത്. സ്വീഡന്‍റെ ജോൺ പെർസനായിരുന്നു താരത്തിന്‍റെ എതിരാളി. 5-11, 11-9, 8-11, 10-12 എന്ന സ്കോറിനായിരുന്നു താരം പരാജയം ഏറ്റുവാങ്ങിയത്.
ALSO READ :ഹൈലോ ഓപ്പൺ : കിഡംബി ശ്രീകാന്ത് സെമിയിൽ
അതേസമയം, വനിത ഡബിൾസിൽ അർച്ചന ഗിരീഷ് കാമത്തിനൊപ്പം മാണികയും സെമിയിൽ പ്രവേശിച്ചു. ലൂസിയ ഗൗത്തിയർ-ഓഡ്രി സരിഫ് സഖ്യത്തെ 3-2നാണ് ഇന്ത്യൻ സംഘം പരാജയപ്പെടുത്തിയത്. 11-6, 8-11, 11-8, 8-11, 11-8 എന്ന സ്‌കോറിനാണ് ഇന്ത്യൻ സംഘം വിജയം നേടിയത്.