ലണ്ടന്‍:വിംബിള്‍ഡണ്‍ (Wimbledon) വനിത ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയതിന് പിന്നാലെ ലോക ടെന്നീസ് റാങ്കിങ്ങിലും മുന്നേറ്റമുണ്ടാക്കി ചെക്ക് റിപ്പബ്ലിക്ക് താരം മര്‍ക്കേറ്റ വോണ്‍ഡ്രുസോവ (Marketa Vondrosouva). റാങ്കിങ്ങില്‍ 32 സ്ഥാനം മെച്ചപ്പെടുത്തിയ താരം പത്താം സ്ഥാനത്തേക്ക് എത്തി. കരിയറില്‍ ആദ്യമായാണ് 24കാരി റാങ്കിങ്ങില്‍ ആദ്യ പത്തിലേക്ക് എത്തുന്നത്.
വിംബിള്‍ഡണിലെ സ്വപ്‌നക്കുതിപ്പാണ് ചെക്ക് താരത്തിന് തുണയായത്. 2000-ന് ശേഷം ടെന്നീസ് റാങ്കിങ്ങിലെ ആദ്യ പത്തിനുള്ളില്‍ സ്ഥാനം പിടിക്കുന്ന ആറാമത്തെ മാത്രം ചെക്ക് വനിത താരമായും വോണ്‍ഡ്രോസോവ മറി. ഇക്കഴിഞ്ഞ ശനിയാഴ്‌ച (ജൂലൈ 15) നടന്ന ഫൈനലില്‍ ടുണീഷ്യയുടെ ഓന്‍സ് ജാബ്യൂറിനെ (Ons Jabeur) തോല്‍പ്പിച്ചാണ് വോണ്‍ഡ്രൂസോവ കരിയറിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം കിരീടം സ്വന്തമാക്കിയത്.
സീഡ് ചെയ്യപ്പെടാതെ വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിടുന്ന ആദ്യ വനിത താരമായും വോണ്‍ഡ്രോസോവ മാറിയിരുന്നു. അതേസമയം, ഫൈനലില്‍ വോണ്‍ഡ്രോസോവയോട് തോല്‍വി വഴങ്ങിയ ടുണീഷ്യന്‍ താരം ഓന്‍സ് ജാബ്യൂറിന്‍റെ റാങ്കിങ്ങില്‍ മാറ്റമില്ല. താരം റാങ്കിങ്ങില്‍ ആറാം സ്ഥാനം നിലനിര്‍ത്തി.
വിംബിള്‍ഡണ്‍ ഫൈനലില്‍ താരത്തിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായിരുന്നു ഇപ്പോഴത്തേത്. കഴിഞ്ഞ വര്‍ഷം, നിലവിലെ മൂന്നാം സീഡ് കസഖ്‌സ്ഥാന്‍റെ എലീന റൈബക്കിനയോടായിരുന്നു (Elena Rybakina) ജാബ്യൂര്‍ തോറ്റത്. ഇപ്രാവശ്യത്തെ ഫൈനലില്‍ 6-4, 6-4 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ടുണീഷ്യന്‍ താരം തോല്‍വി വഴങ്ങിയത്.