ന്യൂഡല്‍ഹി:ലൈംഗിക പീഡന പരാതിയില്‍ അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്‌രങ് പുനിയ, സാക്ഷി മാലിക് ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരായിരുന്നു കേന്ദ്ര മന്ത്രിയെ കാണാനെത്തിയ സംഘത്തിലുണ്ടായിരുന്നത്. അമിത് ഷായുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്‌ച.
ശനിയാഴ്‌ച (03.06.2-23) രാത്രി 11 മണിയോടെയായിരുന്നു താരങ്ങള്‍ അമിത് ഷായുടെ വസതിയിലെത്തിയത്. ഏകദേശം ഒന്നരമണിക്കൂറോളം ഇവരുടെ ചര്‍ച്ചകള്‍ നീണ്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ തങ്ങളുടെ ആവശ്യം കേന്ദ്ര മന്ത്രിയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ആരോപണ വിധേയനായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് പ്രധാനമായും താരങ്ങള്‍ അമിത് ഷായ്‌ക്ക് മുന്നില്‍ വച്ചത്. എന്നാല്‍, ഇതില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്ന് ഗുസ്‌തി താരങ്ങളോട് അടുത്ത് വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളെ അറിയിച്ചു. ബ്രിജ് ഭൂഷണിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രില്‍ അവസാനത്തോടെയായിരുന്നു താരങ്ങള്‍ രാജ്യതലസ്ഥാനത്ത് വീണ്ടും പ്രതിഷേധം ആരംഭിച്ചത്.
Also Read :'ബേട്ടി ബച്ചാവോ എന്നെഴുതിവച്ചിടത്ത് പെണ്‍കുട്ടികള്‍ വലിച്ചിഴക്കപ്പെടുന്നു'; ഗുസ്‌തി താരങ്ങള്‍ക്ക് ഡബ്ല്യുസിസിയുടെ പിന്തുണ
എഫ്‌ഐആറിലെ ഗുരുതര ആരോപണങ്ങള്‍: ബിജെപി എംപിയും അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ അന്വേഷണസംഘം ചുമത്തിയ എഫ്‌ഐആറിലെ വിവരങ്ങള്‍ ജൂണ്‍ രണ്ടിന് പുറത്തുവന്നിരുന്നു. രാജ്യതലസ്ഥാനത്ത് ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം ശക്തമായതിനിടെയാണ് എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്തുവന്നത്. രണ്ട് എഫ്ഐആറുകളായിരുന്നു ഡല്‍ഹി പൊലീസ് ബ്രിജ് ഭൂഷണെതിരെ ചുമത്തിയിരുന്നത്.
ഡല്‍ഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലാണ് ബ്രിജ് ഭൂഷണെതിരെയുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. പത്ത് പീഡന പരാതികളാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ ലഭിച്ചത്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് വനിത ഗുസ്‌തി താരങ്ങളോട് ലൈംഗികപരമായ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടു, ശ്വാസപരിശോധന എന്ന പേരില്‍ താരങ്ങളുടെ നെഞ്ചില്‍ കൈ വച്ചു, ലൈംഗിക ഉദ്ദേശ്യത്തോടെ അവരുടെ ശരീരത്തില്‍ തടവി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്.
പിന്തുണയുമായി 1983 ലോകകപ്പ് ജേതാക്കള്‍:രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടത്തുന്ന ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. കപില്‍ ദേവിന്‍റെ നേതൃത്വത്തിലുള്ള സംഘം സംയുക്ത പ്രസ്‌താവനയിലൂടെയാണ് ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായെത്തിയത്. ഗുസ്‌തി താരങ്ങളുടെ പരാതികള്‍ വേഗത്തില്‍ പരിഹരിക്കപ്പെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, മലയാളം സിനിമ മേഖലയില്‍ നിന്നുള്ള താരങ്ങളും ഡബ്ല്യൂസിസിയും (വിമന്‍ ഇന്‍ സിനിമ കലക്‌ടീവ്) താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Also Read :'ഞങ്ങൾ ദുഃഖിതരും അസ്വസ്ഥരുമാണ്'; ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി 1983ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കള്‍