ലഖ്‌നൗ:അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്‌തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മഹാപഞ്ചായത്ത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ ജില്ലയിലെ സൗറം പട്ടണത്തിലാണ് ഖാപ് നേതാക്കളുടെ നേതൃത്വത്തില്‍ ഇന്ന് മഹാപഞ്ചായത്ത് ചേരുന്നത്. മെയ് 30നാണ് കര്‍ഷക നേതാവ് നരേഷ് ടികായത്ത് മഹാപഞ്ചായത്ത് പ്രഖ്യാപനം നടത്തിയത്.
മഹാപഞ്ചായത്തില്‍ ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളും പങ്കെടുക്കും. സൗറം പട്ടണത്തില്‍ ചേരുന്ന മഹാപഞ്ചായത്തില്‍ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധമായിരിക്കും പ്രധാന ചര്‍ച്ച വിഷയമെന്നും നരേഷ് ടികായത്ത് വ്യക്തമാക്കി. 30 -35 നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടത്തുന്ന താരങ്ങള്‍ കാരണമാണ് അന്താരാഷ്‌ട്ര കായിക രംഗത്ത് ഇന്ത്യ തല ഉയര്‍ത്തി നില്‍ക്കുന്നത്. നാണക്കേട് കൊണ്ട് അവര്‍ തല താഴ്‌ത്തുന്ന സ്ഥിതിയുണ്ടാകാന്‍ പാടില്ലെന്നും നരേഷ് ടികായത്ത് അഭിപ്രായപ്പെട്ടിരുന്നു.
ലൈംഗിക പീഡനപരാതിയില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രിലില്‍ ആണ് രാജ്യതലസ്ഥാനത്ത് ഗുസ്‌തി താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നേരത്തെ ജനുവരിയിലും താരങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് താരങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
താരങ്ങളുടെ പരാതിയില്‍ അന്വേഷണം നടത്തി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി താരങ്ങള്‍ക്ക് ഉറപ്പ് നല്‍കി. എന്നാല്‍, ഇതില്‍ രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. ജന്തര്‍ മന്തറില്‍ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റങ് പുനിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കുത്തിയിരിപ്പ് സമരം ഉള്‍പ്പടെയുള്ള പരിപാടികളാണ് രണ്ടാം ഘട്ട പ്രതിഷേധ പരിപാടികളുടെ തുടക്കത്തില്‍ താരങ്ങള്‍ സംഘടിപ്പിച്ചത്. പ്രതിഷേധത്തിന്‍റെ 25-ാം ദിനമായ മെയ് 19ന് ജന്തര്‍ മന്തറില്‍ നിന്നും ബംഗ്ല സാഹിബ് ഗുരുദ്വാരിയിലേക്ക് താരങ്ങള്‍ മാര്‍ച്ച് സംഘടിപ്പിച്ചു. പിന്നാലെ ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര ഉള്‍പ്പടെയുള്ള കായിക താരങ്ങളും രംഗത്തെത്തി.
മെയ് 28ന് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടന ദിവസം താരങ്ങള്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ജന്തര്‍ മന്തറില്‍ നിന്നും പാര്‍ലമെന്‍റിലേക്ക് നടത്തിയ മാര്‍ച്ചാണ് പൊലീസ് തടഞ്ഞത്. സംഘര്‍ഷത്തിലേക്ക് ഉള്‍പ്പടെ നീങ്ങിയ മാര്‍ച്ചിനൊടുവില്‍ താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്‌താണ് നീക്കിയത്.
റോഡിലൂടെ വലിച്ചഴച്ചുകൊണ്ടായിരുന്നു താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയക്കുകയും ചെയ്‌തു. പ്രതിഷേധം ശക്തമാക്കിയിട്ടും ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കാതെ വന്നതോടെ തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗ നദിയില്‍ ഒഴുക്കുമെന്ന പ്രഖ്യാപനവുമായും താരങ്ങള്‍ രംഗത്തെത്തി. എന്നാല്‍, കര്‍ഷക നേതാക്കള്‍ തടഞ്ഞതോടെയാണ് താരങ്ങള്‍ ഈ തീരുമാനത്തില്‍ നിന്നും പിന്‍മാറിയത്.
Also Read :കര്‍ഷക നേതാവ് നരേഷ് ടികായത്തുമായി കൂടിക്കാഴ്‌ച നടത്തി ഗുസ്‌തി താരങ്ങള്‍ ; ഇന്ത്യ ഗേറ്റില്‍ കനത്ത സുരക്ഷ