ന്യൂഡല്‍ഹി:ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ (Brij Bhushan Singh) ലൈംഗികാതിക്രമ പരാതിയില്‍ ഡല്‍ഹി പൊലീസ് ഇന്ന് (ജൂണ്‍ 15) കുറ്റപത്രം സമര്‍പ്പിക്കും. നേരത്തെ, ഗുസ്‌തി താരങ്ങളുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ (Anurag Thakur) നടത്തിയ കൂടിക്കാഴ്‌ചയില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസ് ഇന്ന് സ്ഥാനമൊഴിയുന്ന അഖിലേന്ത്യ റെസ്‌ലിങ് ഫെഡറേഷന്‍ (WFI) മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ജൂണ്‍ 7-നായിരുന്നു കേന്ദ്ര കായിക മന്ത്രി ഗുസ്‌തി താരങ്ങളായ സാക്ഷി മാലിക്ക് (Sakshi Malik), ബജ്‌റങ് പുനിയ (Bajrang Punia) എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയത്. ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ജൂണ്‍ 15-നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മന്ത്രി താരങ്ങള്‍ക്ക് ഉറപ്പുനല്‍കി. ഇതിനെ പിന്നാലെയായിരുന്നു ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം താത്‌കാലികമായി അവസാനിപ്പിച്ചത്.
നേരത്തെ, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിലെ അന്വേഷണത്തിന്‍റെ ഭാഗമായി അഞ്ച് വിദേശ രാജ്യങ്ങളുടെ സഹായം ഡല്‍ഹി പൊലീസ് തേടിയിരുന്നു. ഇന്തൊനേഷ്യ, ബൾഗേറിയ, കിർഗിസ്ഥാൻ, മംഗോളിയ, കസാക്കിസ്ഥാൻ രാജ്യങ്ങളിലെ ഗുസ്‌തി ഫെഡറേഷനുകളോടാണ് പൊലീസ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞത്. കേസന്വേഷണത്തിന്‍റെ ഭാഗമായി ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പടെയുള്ള വിവരങ്ങളായിരുന്നു പൊലീസ് വിദേശ ഫെഡറേഷനുകളോട് ആവശ്യപ്പെട്ടിരുന്നത്
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കേസുകളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ അനുബന്ധ കുറ്റപത്രത്തിൽ ചേർക്കും.