ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് ഗുസ്‌തി താരങ്ങള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രത്യേക മേല്‍നോട്ടസമിതിയുടെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി സ്ഥാനത്തുനിന്നും മാറിനില്‍ക്കുമെന്ന് മന്ത്രി പറഞ്ഞു.
ദേശീയ ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷനും പരിശീലകര്‍ക്കുമെതിരായ പീഡനാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കും. നാല് ആഴ്‌ചയ്‌ക്കുള്ളില്‍ വിശദമായ പരിശോധന നടത്തി വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. അതേസമയം, അന്വേഷണ സമിതി അംഗങ്ങളെ ഇന്നാകും പ്രഖ്യാപിക്കുക.
തുടര്‍ന്ന്, അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് മാറി നില്‍ക്കും. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഫെഡറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രത്യേക കമ്മിറ്റി നിരീക്ഷിക്കും. അന്വേഷണവുമായി ബ്രിജ് ഭൂഷണ്‍ സഹകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
കേന്ദ്രമന്ത്രിയുടെ ഉറപ്പില്‍, ന്യായമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ ഗുസ്‌തി താരം ബജ്‌രംഗ് പുനിയ പറഞ്ഞു. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, രവി ദാഹിയ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങും പരിശീലകരും ചേര്‍ന്ന് ഇന്ത്യന്‍ ക്യാമ്പിലുള്ള വനിത താരങ്ങളെ വര്‍ഷങ്ങളായി ലൈംഗികമായി ഉപദ്രവിക്കുകയാണെന്നും ഫെഡറേഷന്‍ ഇതിന് കൂട്ടുനിന്നെന്നും തനിക്ക് നേരെ വധഭീഷണി മുഴക്കിയെന്നും ആരോപിച്ച് ഗുസ്‌തി താരം വിനേഷ് ഫോഗട്ടാണ് രംഗത്തെത്തിയത്. ജന്തര്‍മന്ദറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ ആരോപണം. ഇതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്ത് കായിക താരങ്ങളുടെ പ്രതിഷേധം ആരംഭിച്ചത്.
അന്വേഷണത്തിന് ഏഴംഗ സമിതി :ദേശീയ ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായുള്ള ലൈംഗികാതിക്രമ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഏഴ് അംഗ സമിതി രൂപീകരിച്ചിരുന്നു. ഇതിഹാസ ബോക്‌സിങ് താരം മേരികോം, റസ്‌ലര്‍ യോഗേശ്വർ ദത്ത്, അമ്പെയ്‌ത്ത് താരം ഡോല ബാനര്‍ജി, വെയിറ്റ്ലിഫ്‌റ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ സഹ്‌ദേവ് യാദവ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ അടിയന്തര എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് പരാതികള്‍ അന്വേഷിക്കാന്‍ തീരുമാനമായത്.
മറുപടി നാളെയെന്ന് ബ്രിജ് ഭൂഷണ്‍ സിങ് : നാളെ നടക്കാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തിന് ശേഷം ആരോപണങ്ങള്‍ക്കുള്ള മറുപടി നല്‍കുമെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ മകന്‍ പ്രതീക് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ മികച്ച കായിക താരങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ രാവിലെ ബ്രിജ് ഭൂഷണ്‍ സ്വദേശമായ ഗോണ്ഡയില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ ഇത് നടന്നിരുന്നില്ല. ഏഴ് മണിക്കൂറിന് ശേഷം ഗോണ്ഡ സദാര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയും ബ്രിജ് ഭൂഷന്‍റെ മകനുമായ പ്രതീക് എത്തി, ജനുവരി 22ന് പിതാവ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് അറിയിക്കുകയായിരുന്നു.
'ഞങ്ങള്‍ക്ക് സംഭവം രാജ്യമെമ്പാടുമുള്ള അംഗങ്ങളുമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. അതിനുശേഷം മാത്രമേ എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ. ഞങ്ങള്‍ എന്ത് തീരുമാനമെടുത്താലും രേഖാമൂലമുള്ള പ്രസ്‌താവന വഴി മാധ്യമങ്ങളെ അറിയിക്കും' - ബ്രിജ് ഭൂഷണിന്‍റെ പ്രസ്‌താവന പ്രതീക് പങ്കുവച്ചു.