ന്യൂഡല്‍ഹി:അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ (WFI) തലവന്‍ ബ്രിജ്‌ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ (Brij Bhushan Sharan Singh) തെരുവിലെ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചെന്ന് ഗുസ്‌തി താരങ്ങള്‍. ഇനിയുള്ള പോരാട്ടം കോടതിയില്‍ തുടരുമെന്നും അവര്‍ അറിയിച്ചു. പ്രതിഷേധങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന സാക്ഷി മാലിക്ക് (Sakshee Malikkh), ബജ്‌രംഗ് പുനിയ (Bajrang Punia), വിനേഷ് ഫോഗട്ട് (Vinesh Phogat) എന്നിവര്‍ സംയുക്ത പ്രസ്‌താവനയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.
ലൈംഗിക പീഡനപരാതിയില്‍ ബ്രിജ്‌ഭൂഷണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ അഞ്ച് മാസക്കാലമായി താരങ്ങള്‍ പ്രതിഷേധത്തിലായിരുന്നു. 'നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുക തന്നെ ചെയ്യും, പക്ഷെ ഇനി അത് കോടതിക്ക് ഉള്ളില്‍ ആയിരിക്കും' ഗുസ്‌തി താരങ്ങള്‍ അഭിപ്രായപ്പെട്ടു. ബിജെപി എംപി കൂടിയായ ബ്രിജ്‌ഭൂഷണെതിരെ ജൂണ്‍ 15നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന വാഗ്‌ദാനം സര്‍ക്കാര്‍ നിറവേറ്റിയെന്നും താരങ്ങള്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരുമായി താരങ്ങള്‍ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ആയിരുന്നു ബ്രിജ്‌ഭൂഷണെതിരായ കുറ്റപത്രം കഴിയുന്നതിലും വേഗത്തില്‍ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഡല്‍ഹി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
അതേസമയം, ജൂലൈ 11ന് അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷനില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ഇപ്പോള്‍ താരങ്ങളുടെ ശ്രദ്ധ. ഡബ്ല്യു എഫ് ഐ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നിറവേറ്റപ്പെടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങളില്‍ നിന്നും ചെറിയ ഒരു ഇടവേള എടുക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും അറിയിച്ചു.