ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് ട്രയൽസിന് മുന്നോടിയായി യുഎസിൽ പരിശീലനം നടത്തണമെന്ന ഗുസ്‌തി താരങ്ങളുടെ ആവശ്യം പരിഗണനയിലാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി കല്യാൺ ചൗബെ. വിഷയത്തില്‍ ഒളിമ്പിക് അസോസിയേഷനും കായിക മന്ത്രാലയവും പിന്നീട് തീരുമാനം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ഒളിമ്പ്യൻ ബജ്‌റങ് പുനിയ ഉൾപ്പെടെയുള്ള ഇന്ത്യയിലെ മുൻനിര താരങ്ങളാണ് ഏഷ്യൻ ഗെയിംസ് ട്രയൽസിന് തയ്യാറെടുക്കാൻ യുഎസിൽ പരിശീലനം നടത്താൻ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് കായിക മന്ത്രാലയത്തിന് കത്തയച്ചത്.
അതേസമയം ഗുസ്‌തി താരങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായി സമയം അനുവദിക്കണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ സമയപരിധി ലഭിക്കുമോ എന്നതില്‍ വ്യക്തതയില്ലെന്നും കല്ല്യാണ്‍ ചൗബേ പറഞ്ഞു. മത്സരിക്കുന്ന മുഴുവന്‍ താരങ്ങളുടെയും പേരുവിവരം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയ്‌ക്ക് നല്‍കേണ്ടതിനാല്‍ ജൂലൈ 15നകം അഡ് ഹോക്ക് പാനല്‍ ട്രയല്‍സ് നടത്തണം.
'ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കേണ്ട തിയതി നീട്ടി നല്‍കണമെന്ന് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയോട് ആവശ്യപ്പെടണമെന്നുള്ള ഒരു അപേക്ഷയും ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. ഞങ്ങള്‍ അത് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയ്‌ക്ക് കൈമാറി. ഏഷ്യന്‍ ഗെയിംസ് ആതിഥേയരായ ചൈനയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കത്ത് ലഭിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ നിന്ന് അവര്‍ക്ക് ഒരു ഗ്യാറണ്ടി വേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.