World Table Tennis Championship Updates | ഹൗസ്റ്റണ്‍ : ലോക ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മെഡലെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. വനിത ഡബിള്‍സ്, മിക്‌സഡ് ഡബിൾസ് ടീമുകള്‍ക്ക് ചാമ്പ്യന്‍ഷിപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വി.
വനിത ഡബിള്‍സില്‍ മണിക ബത്ര-അര്‍ച്ചന കാമത്ത് സഖ്യവും, മിക്‌സഡ് ഡബിൾസില്‍ മണിക ബത്ര-സത്തിയൻ ജ്ഞാനശേഖരൻ ജോഡിയുമാണ് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായത്.
വനിത ഡബിള്‍സിന്‍റെ ക്വാര്‍ട്ടറില്‍ ലക്‌സംബര്‍ഗന്‍റെ സാറ ഡി നട്ടെ-സിയ ലിയാന്‍ നി സഖ്യമാണ് മണിക-അര്‍ച്ചന സഖ്യത്തെ തോല്‍പ്പിച്ചത്. മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങിയത്. സ്‌കോര്‍: 1-11, 6-11, 8-11.
മിക്‌സഡ് ഡബിൾസില്‍ ജപ്പാന്‍റെ ഹരിമോട്ടോ ടോമോകാസു-ഹയാട്ട ഹിന സഖ്യമാണ് മണിക-സത്തിയൻ ജോഡിയെ കീഴടക്കിയത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ജാപ്പനീസ് താരങ്ങള്‍ മത്സരം പിടിച്ചത്. സ്‌കോര്‍: 11-5, 11-2, 7-11, 11-9.
നേരത്തെ വനിത ഡബിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ ഹംഗറിയുടെ ഡോറ മഡാരസ്-ജോര്‍ജീന പോട്ട സഖ്യത്തെ കീഴടക്കിയാണ് മണിക-അര്‍ച്ചന സഖ്യം ക്വാര്‍ട്ടറിനെത്തിയത്. സ്‌കോര്‍: 11-4, 11-9, 6-11, 11-7.
also read:IPL 2022: രാഹുലിന്‍റെ പിൻമാറ്റം തിരിച്ചടി, പഞ്ചാബ് ആരെയും നിലനിർത്തില്ലെന്ന് റിപ്പോർട്ട്
അതേസമയം മിക്‌സഡ് ഡബിള്‍സിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കന്‍ ജോഡിയായ കനക് ജാ-വാങ് മാന്‍യു സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്. സ്‌കോര്‍: 15-17, 10-12, 12-10, 11-6, 11-7.