കണ്ണൂർ: ഫുട്ബോള്‍ ലോകകപ്പിന്‍റെ കൂറ്റൻ മാതൃകയൊരുക്കി കണ്ണൂർ കുറുമാത്തൂരുകാർ. എക്കോ വൺ ഡയറി ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് 12 അടിയോളം വരുന്ന ട്രോഫി കോൺക്രീറ്റിൽ തീർക്കുന്നത്. ശിൽപത്തിന് ഏകദേശം രണ്ട് ക്വിന്‍റലോളം ഭാരമുണ്ട്.
ട്രോഫിയുടെ അവസാനഘട്ട പണി പുരോഗമിക്കുകയാണെന്ന് ശിൽപി സണ്ണി കുറുമാത്തൂർ പറഞ്ഞു. തളിപ്പറമ്പ് ശ്രീകണ്ഠാപുരം സംസ്ഥാന പാതയ്‌ക്കരികിൽ കുറുമാത്തൂർ ഡയറി സ്റ്റോപ്പിലാണ് ട്രോഫി സ്ഥാപിക്കുന്നത്. ഇതിനായി നാലടിയോളം ഉയരത്തിൽ പ്രതലവും ഡയറി സ്റ്റോപ്പിൽ ഇവർ ഒരുക്കി കഴിഞ്ഞു.
ഫുട്ബോള്‍ ലോകകപ്പിന്‍റെ കൂറ്റൻ മാതൃകയൊരുക്കി കണ്ണൂർ കുറുമാത്തൂരുകാർ ഏറ്റവും വലിയ ലോകകപ്പ് രൂപം എന്നതാണ് ഇവർ ലക്ഷ്യമിടുന്നത്. ട്രോഫിക്ക് അമ്പതിനായിരത്തിനടുത്ത് രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ക്ലബ് രക്ഷാധികാരിയായ കെ മദൻ ദേവ് പറഞ്ഞു. പൊതുവിൽ കാണുന്ന ഫ്ലക്‌സ് ബോർഡ് പ്രചരണങ്ങളിൽ നിന്ന് വേറിട്ട് നിൽക്കണമെന്ന ചിന്തയാണ് ഈ വഴിയിൽ ഇവരെ എത്തിച്ചത്.
കൂടാതെ, ബ്രസീൽ, അർജന്‍റീന, പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുടെ ആരാധകരെ വാക്പോരിൽ നിന്ന് മാറ്റി നിർത്താൻ കൂടിയാണ് ഇവർ ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്. 21 വർഷമായി എക്കോ വൺ ഡയറി ക്ലബ് പ്രവർത്തിക്കുന്നു. അടുത്ത ദിവസം തന്നെ ലോകകപ്പ് റോഡരികിലേക്ക് മാറ്റി ഒരു ഇന്ത്യൻ താരത്തെ കൊണ്ട് തന്നെ ഉദ്ഘാടനം ചെയ്യിക്കാനാണ് ഇവരുടെ ശ്രമം.