പലേർമൊ: തുടർച്ചയായ രണ്ടാം ലോകകപ്പിനും യോഗ്യത നേടാനാകാതെ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലി പുറത്ത്. പലേർമൊയിലെ സ്വന്തം സ്‌റ്റേഡിയമായ റെൻസോ ബാർബെറെയിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ നോർത്ത് മാസിഡോണിയയാണ് എതിരില്ലാത്ത ഒരു ഗോളിന് ഇറ്റലിയെ അട്ടിമറിച്ചത്. മത്സരത്തിന്‍റെ ഇഞ്ച്വറി ടൈമിൽ മാസിഡോണിയയുടെ അലക്‌സാണ്ടർ ട്രാജ്‌കോവ്‌സ്‌കിയാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ തകർത്ത ഗോൾ നേടിയത്.
2018 റഷ്യൻ ലോകകപ്പിനും അസൂറികൾക്ക് യോഗ്യത നേടാനായിരുന്നില്ല. ഇതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി കഴിഞ്ഞ വർഷം നടന്ന യൂറോ കപ്പിൽ ഇറ്റലി ജേതാക്കളായിരുന്നു. എന്നാൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യ റൗണ്ടിൽ യോഗ്യത ലഭിക്കാത്തതിനെ തുടർന്ന് പ്ലേ ഓഫ് കളിക്കേണ്ടിവരികയായിരുന്നു.
ഇറ്റലിയോ പോര്‍ച്ചുഗലോ, ഒരു ടീമേ ഖത്തറിലേക്ക് ടിക്കറ്റെടുക്കൂ എന്ന് ഫുട്ബോള്‍ ലോകത്തിന് ഉറപ്പായിരുന്നു. എന്നാൽ ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാൻ പോർച്ചുഗലുമായി ഏറ്റുമുട്ടുന്നതിലേക്ക് പോലും കാര്യങ്ങൾ എത്തിയില്ല. ട്രാജ്‌കോവ്‌സ്‌കിയുടെ ലോങ് റേഞ്ചർ അസൂറികൾക്ക് മടക്ക ടിക്കറ്റ് നൽകി.
1958 ലും ഇറ്റലിക്ക് ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. നാല് തവണ ഫുട്‌ബോൾ ലോകകപ്പ് നേടിയിട്ടുള്ള രാജ്യമാണ് ഇറ്റലി. 1934,1938, 1982, 2006 വർഷങ്ങളിലാണ് ഇറ്റലി ലോകജേതാക്കളായിട്ടുള്ളത്. 1970, 1994 ലോകകപ്പുകളിൽ ഇറ്റലി ഫൈനലിൽ പരാജയപ്പെട്ടിട്ടുണ്ട്. ഈ വർഷം നവംബർ-ഡിസംബർ മാസങ്ങളിലായാണ് ഖത്തർ ലോകകപ്പ് നടക്കുക. അർജന്‍റീന, ബ്രസീൽ, ഫ്രാൻസ്, ജർമനി തുടങ്ങിയ 15ൽ അധികം ടീമുകൾ ഇതുവരെ യോഗ്യത നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോയ്‌ക്കും പോര്‍ച്ചുഗലിനും ആശ്വാസം:തുർക്കിക്കെതിരെ 3-1 ന്‍റെ ജയം നേടിയ പോർച്ചുഗൽ യൂറോപ്യൻ പ്ലേഓഫ് ഫൈനലിലേക്ക് മുന്നേറി. 15ആം മിനിറ്റിൽ ഒറ്റാവിയയിലൂടെയും 42-ാം മിനുറ്റിൽ ഡിയോഗോ ജോട്ടയിലൂടെയും ഗോൾ നേടി ആദ്യ പകുതിയിൽ രണ്ട് ഗോൾ ലീഡ് സ്വന്തമാക്കിയിരുന്നു. 65-ാം മിനിറ്റിൽ യിൽമാസിലൂടെ ഗോളിലൂടെ തുർക്കി തിരിച്ചുവരവിന്‍റെ പ്രതീതി ഉയർത്തി. എന്നാൽ ഇഞ്ച്വറി ടൈമിൽ മാത്യുസ് നൂനെസിന്‍റെ ഗോളിൽ പറങ്കിപ്പട ജയം ഉറപ്പിച്ചു.
ജയത്തോടെ ലോകകപ്പിലേക്കുള്ള ദൂരം ഒരു ജയം മാത്രമാക്കി ചുരുക്കി. പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയാണ് പോർച്ചുഗലിന്‍റെ എതിരാളികൾ. ആ മത്സരത്തിൽ വിജയിച്ചാൽ 2022 ലോകകപ്പിന് പോർചുഗലുമുണ്ടാകും.
അതേ സമയം, ഗ്രൂപ്പ് എയിൽ നടന്ന പ്ലേ ഓഫ് മത്സരത്തിൽ ഓസ്ട്രിയയെ 2-1ന് പരാജയപ്പെടുത്തിയ വെയിൽസും ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. മാറ്റിവെച്ച ഉക്രൈൻ-സ്‌കോട്‌ല്ൻഡ് മത്സരത്തിലെ വിജയികളെയാവും വെയിൽസ് ഫൈനലിൽ നേരിടുക. ഗ്രൂപ്പ് ബിയിൽ നടന്ന പ്ലേ ഓഫ് മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയ സ്വീഡനും ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ പോളണ്ടാണ് സ്വീഡന്‍റെ എതിരാളികൾ.