സാവോ പോളോ:അർജന്‍റീനക്കും ബ്രസിലിനും പിന്നാലെഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി യുറഗ്വായും ഇക്വഡോറും. ഇന്നു പുലർച്ചെ നടന്ന യോഗ്യതാ മത്സരത്തിൽ പാരഗ്വായോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോറ്റെങ്കിലും, ആദ്യ നാലു സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചാണ് ഇക്വഡോർ ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്തത്. മറ്റൊരു മത്സരത്തിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് യുറഗ്വായ് ലോകകപ്പിന് യോഗ്യത നേടി.
യോഗ്യത റൗണ്ടിൽ ഓരോ മത്സരങ്ങൾ മാത്രം ശേഷിക്കെ യുറഗ്വായ്ക്കും ഇക്വഡോറിനും 25 പോയിന്‍റ് വീതമുണ്ട്. അഞ്ചാം സ്ഥാനത്തുള്ള പെറുവിന് 21 പോയിന്‍റായതിനാൽ, ഇവരെ മറികടക്കാനാകില്ല. 42–ാം മിനിറ്റിൽ ജോർജിയൻ ഡി അറാസ്‌കറ്റ നേടിയ ഗോളാണ് പെറുവിനെതിരെ യുറഗ്വായ്ക്ക് വിജയവും ലോകകപ്പ് യോഗ്യതയും സമ്മാനിച്ചത്.
ഏഷ്യൻ ടീമുകളിലൊന്നിനെതിരെ പ്ലേഓഫ് കളിച്ച ലോകകപ്പ് യോഗ്യത നേടാൻ അവസരം നൽകുന്ന അഞ്ചാം സ്ഥാനത്തിനായി പെറുവും കൊളംബിയയും ഏറ്റുമുട്ടും. അവസാന മത്സരത്തിൽ പാരഗ്വായെ തോൽപ്പിച്ചാൽ പെറുവിന് പ്ലേഓഫ് കളിക്കാം. പെറു തോൽക്കുന്നപക്ഷം ബൊളീവിയയെ വീഴ്ത്തിയാൽ കൊളംബിയയ്ക്ക് പ്ലേഓഫ് യോഗ്യത നേടാം. ഇരു ടീമുകളും തോറ്റാൽ 19 പോയിന്‍റുള്ള ചിലിയ്ക്കും പ്ലേഓഫ് സാധ്യതയുണ്ട്.