പലേർമോ : ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വെനസ്വെലയ്‌ക്കെതിരെ അർജന്‍റീനയ്‌ക്ക് തകര്‍പ്പന്‍ ജയം. ലാറ്റിനമേരിക്കൻ മേഖലയിലെ അവസാന സ്ഥാനക്കാരായ വെനസ്വെലയ്‌ക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ലിയോണൽ സ്‌കലോണിയുടെ സംഘം ജയിച്ചുകയറിയത്. അര്‍ജന്‍റീനയ്‌ക്കായി നിക്കോളാസ് ഗോൺസാലസ്, ലയണല്‍ മെസി, എയ്ഞ്ചല് ഡി മരിയ എന്നിവരാണ് ഗോള്‍ നേടിയത്.
മത്സരത്തിന്‍റെ തുടക്കത്തില്‍ അര്‍ജന്‍റീനയെ പ്രതിരോധിക്കാന്‍ വെനസ്വെലയ്‌ക്കായിരുന്നു. എന്നാല്‍ പതിയെ താളം കണ്ടെത്തിയ സ്‌കലോണിയുടെ സംഘം 35ാം മിനിട്ടില്‍ മുന്നിലെത്തി. റോഡ്രിഗോ ഡിപോളിന്‍റെ പാസില്‍ നിക്കോളാസ് ഗോൺസാലസാണ് ആദ്യ ഗോള്‍ നേടിയത്.
തുടര്‍ന്നും വെനസ്വെലയുടെ ഗോള്‍ മുഖത്തേക്ക് മെസിയും സംഘവും ആക്രമണം നടത്തിയെങ്കിലും ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ അവര്‍ രക്ഷപ്പെട്ടു. രണ്ടാം പകുതിയില്‍ 70ാം മിനിട്ടില്‍ പകരക്കാരനായെത്തിയാണ് ഡി മരിയ അര്‍ജന്‍റീനയുടെ ലീഡുയര്‍ത്തിയത്.