കോട്ടയം: വാമോസ് അർജന്‍റീന, വിവ ബ്രസീൽ എന്നിങ്ങനെയുള്ള ആർപ്പുവിളികളുമായി ഫുട്‌ബോൾ ആരാധകര്‍ ആവേശത്തിന്‍റെ കൊടുമുടിയിൽ. ലോകകപ്പിന് ഖത്തറിൽ പന്തുരുളുന്നതിന് മുമ്പേ റോഡ്‌ഷോയും പാട്ടും മേളവുമായി വിളംബര റാലി കാണികളുടെ ആവേശത്തെയും ഇരട്ടിപ്പിച്ചു. പുല്ലരിക്കുന്ന്, പുളിഞ്ചുവട്, ആർപ്പൂക്കര, ചുങ്കം മേഖലയിലെ ഫുട്‌ബോൾ ആരാധകരുടെ നേതൃത്വത്തിലായിരുന്നു വിളംബര വാഹനറാലി.
'വിവ ബ്രസീല്‍, വാമോസ് അര്‍ജന്‍റീന'; കൊട്ടും പാട്ടും താളവുമായി വിളംബര വാഹനറാലിയില്‍ അണിനിരന്ന് ഫുട്‌ബോൾ ആരാധകര്‍ - ആർപ്പൂക്കര
ലോകകപ്പിന് ഖത്തറിൽ പന്തുരുളുന്നതിന് മുന്നോടിയായി കൊട്ടും പാട്ടും ആർപ്പുവിളികളുമായി ഫുട്‌ബോൾ ആരാധകരുടെ വിളംബര വാഹനറാലി
അർജന്‍റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങി രാജ്യങ്ങളുടെ ആരാധകരായിരുന്നു പ്രധാനമായും റാലിയിൽ പങ്കെടുത്തത്. കൊച്ചുകുട്ടികൾ, യുവാക്കൾ, മുതിർന്നവർ, പെൺകുട്ടികൾ എന്നീ വ്യത്യാസമില്ലാതെ റാലിയിൽ ഒത്തുകൂടി. ഇക്കൂട്ടത്തില്‍ ശരീരത്തിൽ ചിഹ്നങ്ങളും നിറങ്ങളും ചാർത്തിയ ആരാധകരുമുണ്ടായിരുന്നു. അലങ്കരിച്ച ബൈക്കുകൾ, ഓട്ടോറിക്ഷകൾ, പിക്കപ്പ് എന്നിവയിലായി ഇഷ്‌ട താരങ്ങളുടെ ജഴ്‌സി ധരിച്ചാണ് ആരാധകരെത്തിയത്. ചെറുതും വലുതുമായ ഫ്‌ലാഗുകളും, വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ബലൂണുകളും റാലിയുടെ ഭംഗി കൂട്ടി.
പുളിഞ്ചുവടിൽ നിന്ന് ആരംഭിച്ച റാലി സിഎംഎസ് കോളജ് റോഡിൽ സംഗമിച്ച ശേഷം ടൗണിലൂടെ പുളിഞ്ചുവടിലേയ്ക്ക് മടങ്ങി. നൂറുകണക്കിന് പേരാണ് റാലിയില്‍ പങ്കെടുത്തത്. പുളിഞ്ചുവടിൽ താരങ്ങളുടെ നിരവധി ഫ്‌ളക്‌സുകളും സ്ഥാപിച്ചിരുന്നു. മെസിയുടെ 50 അടിയുള്ള പുതിയ കട്ടൗട്ട് ഇന്ന് സ്ഥാപിക്കുമെന്ന് ഫാൻസ് മെമ്പേഴ്‌സായ ഫിറോസ്, ജിതിൻ, അമേഷ് എന്നിവർ അറിയിച്ചു.