സൂറിച്ച്: നവംബറിൽ ഖത്തറിൽ വച്ച് നടക്കുന്ന ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടുന്ന ടീമുകളെ അറിയാനുള്ള നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന് നടക്കും. മാർച്ച് അവസാനത്തോടെ ഇനി യോഗ്യത നേടാനുള്ള ടീമുകളെ കണ്ടെത്താനുള്ള പ്ലേ ഓഫ് മത്സരങ്ങൾ പൂർത്തിയാകും. അതിന് ശേഷമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഏതൊക്കെ ടീമുകളാണ് പരസ്‌പരം ഏറ്റുമുട്ടുകയെന്ന് അറിയാനുള്ള നറുക്കെടുപ്പ് നടക്കുക.
ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ കഴിയുന്ന പരമാവധി കളിക്കാരുടെ എണ്ണത്തിൽ ഇത്തവണ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. സാധാരണ ഒരു സ്‌ക്വാഡിൽ പരമാവധി 23 താരങ്ങളെയാണ് ഉൾപ്പെടുത്താൻ കഴിയുക. അതിന്പകരമായി ഇത്തവണ 26 താരങ്ങളെ ഉൾപ്പെടുത്താൻ ടീമുകൾക്ക് ഫിഫ അനുവാദം നൽകാൻ സാധ്യതയുണ്ട്.