കേരളം

kerala

ETV Bharat / sports

അജയ്യരായി അര്‍ജന്‍റീന; പരാഗ്വെയെ തകര്‍ത്ത് ബ്രസീല്‍ - brazil defeats paraguay

ഏകപക്ഷീയമായ ഒരു ഗോളിന് അർജന്‍റീന കൊളംബിയയെ തകർത്തപ്പോൾ എതിരില്ലാത്ത നാല് ഗോളിനാണ് കാനറികൾ പരാഗ്വെയെ തകർത്തത്.

ലോകകപ്പ് യോഗ്യത 2022  world cup qualifier 2022  argentina continues unbeaten run  അർജന്റീന അപരാജിത കുതിപ്പ് തുടരുന്നു  brazil defeats paraguay  പരാഗ്വെയെ തകര്‍ത്ത് ബ്രസീല്‍
അജയ്യരായി അര്‍ജന്‍റീന; പരാഗ്വെയെ തകര്‍ത്ത് ബ്രസീല്‍

By

Published : Feb 2, 2022, 11:04 AM IST

ബ്യൂണസ് അയേഴ്‌സ്: തോൽവിയറിയാതെ തുടർച്ചയായ 29 മത്സരങ്ങൾ പൂര്‍ത്തിയാക്കി അർജന്‍റീന. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ ശക്‌തികളായ ബ്രസീലിനും അർജന്‍റീനക്കും മിന്നും ജയം. ഏകപക്ഷീയമായ ഒരു ഗോളിന് അർജന്‍റീന കൊളംബിയയെ തകർത്തപ്പോൾ എതിരില്ലാത്ത നാല് ഗോളിനാണ് കാനറികൾ പരാഗ്വെയെ തകർത്തത്.

കളിയുടെ 29ാം മിനിറ്റിൽ അക്യുണയുടെ പാസില്‍ ലൗട്ടാരോ മാർട്ടിനസാണ് അർജന്‍റീനക്ക് വേണ്ടി വലകുലുക്കിയത്. സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെ തുടർച്ചയായ രണ്ടാം മത്സരത്തിനിറങ്ങിയ അർജന്‍റീനയുടെ വിജയക്കുതിപ്പിന് തടയിടാൻ കൊളംബിയക്കും കഴിഞ്ഞില്ല. ഇതോടെ പോയിന്‍റ് പട്ടികയില്‍ കൊളംബിയ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന ആറ് യോഗ്യത മത്സരങ്ങളിൽ കൊളംബിയക്ക് ഇതുവരെ വിജയിക്കാനായിട്ടില്ല.

പരാഗ്വെക്കെതിരായ മത്സരത്തിലുടനീളം ആധിപത്യം ബ്രസീലിനായിരുന്നു. കളിയുടെ തുടക്കം മുതൽ തന്നെ പരാഗ്വെക്കെതിരെ നിരന്തരമായി ആക്രമണങ്ങളഴിച്ചുവിട്ട ബ്രസീല്‍, 28-ാം മിനിറ്റിൽ റഫീഞ്ഞയുടെ ഗോളിലാണ് മുന്നിലെത്തിയത്. പിന്നീടുള്ള മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 62ാം മിനിറ്റിൽ കുട്ടീന്യോയും 86ാം മിനിറ്റിൽ ആന്‍റണിയും 88ാം മിനിറ്റിൽ റോഡ്രിഗോയുമാണ് ബ്രസീലിനായി വലകുലുക്കിയത്.

റയൽ മാഡ്രിഡ് സ്‌ട്രൈക്കർ റോഡ്രിഗോയുടെ രണ്ടാമത്തെ അന്താരാഷ്ട്ര ഗോളായിരുന്നു. കളിയിൽ 77 ശതമാനവും പന്ത് കയ്യിൽ വച്ചത് ബ്രസീലായിരുന്നു. യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുന്ന ബ്രസീൽ 39 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. 35 പോയിന്‍റുമായി അർജന്‍റീനയാണ് തൊട്ടുപിറകിലുള്ളത്.

ബ്രസീലും അർജന്‍റീനയും നേരത്തെ തന്നെ ലാറ്റിനമേരിക്കയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടിയിരുന്നു. മറ്റൊരു മത്സരത്തിൽ ഉറുഗ്വെ വെനിസ്വെലെയെ 4- 1 ന് തോൽപ്പിച്ചു. ലോകകപ്പ് യോഗ്യത പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഉറുഗ്വെക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു. ഈ ജയത്തോടെ ഉറുഗ്വെ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. ബൊളീവിയയെ 2-3 ന് പരാജയപ്പെടുത്തി ചിലി ലോകകപ്പ് യോഗ്യതാ പ്രതീക്ഷകൾ നിലനിർത്തി.

ALSO READ:തുടർച്ചയായ നാലാം ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ, സെമിയില്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും

ABOUT THE AUTHOR

...view details