നേപിൾസ് : സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലാണ് ഇറ്റാലിയൻ ക്ലബ്ബായ നാപോളി. സീരി എയിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം ആദ്യ സിരി എ കിരീടം ലക്ഷ്യമിടുന്ന നാപോളി 26 മത്സരങ്ങൾ പൂർത്തിയായപ്പോൾ 68 പോയിന്‍റുമായി ലീഗിൽ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള ഇന്‍റർ മിലാനേക്കാൾ 18 പോയിന്‍റ് ലീഡാണുള്ളത്. യുവേഫ ചാമ്പ്യൻസ് ലീഗിലും സ്വപ്‌നക്കുതിപ്പാണ് ടീം നടത്തുന്നത്. പ്രീ ക്വാർട്ടറിൽ ഐൻട്രാക്‌റ്റ് ഫ്രാങ്ക്ഫർട്ടിനെ കീഴടക്കി ആദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലും ഇടംപിടിച്ചു.
നാപോളിയുടെ സ്വപ്‌നക്കുതിപ്പിന് ഊർജം പകരുന്നതിൽ ഏറ്റവും മുന്നിൽ വിക്‌ടർ ഒസിമെൻ എന്ന നൈജീരിയൻ സ്‌ട്രൈക്കറാണ്. സീസണിലിതുവരെ 27 മത്സരങ്ങളിലായി 23 ഗോളുകളും 4 അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയത്. നിലവിൽ യൂറോപ്പിലെ മികച്ച സ്‌ട്രൈക്കർമാരുടെ പട്ടികയിലാണ് ഒസിമെനും ഉൾപ്പെടുന്നത്.
2015 ആഫ്രിക്കൻ യൂത്ത് പ്ലെയർ അവാർഡ് സ്വന്തമാക്കിയതോടെയാണ് താരം വമ്പൻ ടീമുകളുടെ റഡാറിൽ വരുന്നത്. ഇതോടെ പ്രീമിയർ ലീഗ് ക്ലബ്ബുകളായ ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ടീമുകൾ താരത്തെ ടീമിലെത്തിക്കാൻ രംഗത്തെത്തി. എന്നാൽ 2017ൽ ബുണ്ടസ്‌ലീഗ് ക്ലബ്ബായ വോൾഫ്‌സ്ബർഗ് ജഴ്‌സിയിലാണ് ഒസിമെൻ പ്രൊഫഷണൽ കരിയറിന് തുടക്കമിടുന്നത്.
2017ൽ വോൾഫ്‌സ്ബർഗുമായി കരാർ ഒപ്പിട്ട് താരം തുടർന്ന് ലോണിൽ ബെൽജിയൻ ടീമായ ചാർലെറോയിലും കളിച്ചു. ഒസിമെൻ 25 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടി. 2019 ൽ ഫ്രഞ്ച് ടീമായ ലില്ലിയിലേക്ക് കൂടുമാറി. ഫ്രഞ്ച് ക്ലബ്ബിനായി ഒരു വർഷം പന്തുതട്ടിയ ഒസിമെൻ അവിടെവച്ചാണ് തന്‍റെ കഴിവുകൾ രാകിമിനുക്കിയത്.
2020 ൽ 70 യൂറോ മുടക്കിയാണ് വേഗമേറിയ സ്‌ട്രൈക്കറെന്ന പെരുമയുള്ള ഒസിമനെ നാപോളി ടീമിലെത്തിക്കുന്നത്. മൂന്ന് വർഷമായി ഇറ്റാലിയൻ ലീഗായ സീരി എയിലാണ് ഒസിമെൻ കളിക്കുന്നത്. നാപോളിയിലെത്തിയതോടെ താരം കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ തുടങ്ങി. ഒസിമെന്‍റെ ശാരീരിക ക്ഷമത എടുത്ത് പറയേണ്ടതാണ്. രണ്ടിലധികം താരങ്ങളെ ഒരേസമയം ഡ്രിബിൾ ചെയ്‌ത് വേഗത്തിൽ മുന്നേറാൻ കഴിവുള്ള താരമാണ് അദ്ദേഹം. വളരെ കൃത്യതയാർന്ന ഫിനിഷിങ്ങും എരിയൽ ബോളുകളെ ഗോളാക്കാനുള്ള കഴിവും താരത്തിന്‍റെ പ്രത്യേകതയാണ്.
മറ്റൊരു ദ്രോഗ്‌ബയാകുമോ..? : മൂന്ന് വർഷമായി നാപോളിക്കായി പന്ത് തട്ടുന്ന ഒസിമെൻ മറ്റൊരു ദിദിയർ ദ്രോഗ്‌ബ എന്ന പേരിലാണ് അറിയപ്പെടുന്നത്. താരത്തിന്‍റെ ശാരീരികക്ഷമതയും വേഗമാർന്ന നീക്കങ്ങളുമാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കരിയറിൽ ഉടനീളം ഇത്തരത്തിലൊരു ഫോം നിലനിർത്താനായാൽ ആ പേരിന് താരം അർഹനാകും എന്നതിൽ സംശയമില്ല.
ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി ടീമുകളും താരത്തെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. താരത്തിന്‍റെ വിലയായിരിക്കും പല ടീമുകൾക്കും വെല്ലുവിളിയാവുക. 70 മില്യൺ യൂറോ, 24-കാരനായ താരത്തെ ടീമിലെത്തിക്കാൻ മുടക്കിയ നാപോളി 100 -150 മില്യൺ യൂറോ വരെയുള്ള ഒരു തുകയായിരിക്കും പ്രതീക്ഷിക്കുന്നത്.
ഇതിഹാസങ്ങളെ പിന്നിലാക്കിയ കുതിപ്പ് :ഗോൾവേട്ടയിൽ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങളുടെ റെക്കോഡ് ഒസിമെൻ മറികടന്നിരുന്നു. അതിവേഗത്തിൽ 100 ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിലാണ് ഈ നാപോളി താരം ഇടംപിടിച്ചിരിക്കുന്നത്. 197 മത്സരങ്ങളില്‍ നിന്നായിരുന്നു 24-കാരനായ ഒസിമെൻ 100 ഗോള്‍ നേടിയത്. 210 മത്സരങ്ങളിൽ നിന്നാണ് മെസി 100 ഗോളുകൾ നേടിയതെങ്കിൽ റൊണാൾഡോ 301 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയിരുന്നത്.
ഗോൾ നേട്ടം ആഘോഷിക്കുന്ന വിക്‌ടർ ഒസിമെൻ എന്നാൽ വിക്‌ടർ ഒസിമെനേക്കാൾ കുറഞ്ഞ മത്സരങ്ങളിൽ 100 ഗോളുകൾ കണ്ടെത്തിയ താരങ്ങളുമുണ്ട്. ഫ്രാൻസ് യുവതാരം കിലിയൻ എംബാപ്പെ, നോർവേ താരമായ എർലിങ് ഹാലണ്ട് എന്നിവരാണ് ഈ പട്ടികയിൽ മുൻപന്തിയിലുള്ളത്. എംബാപ്പെ 180 മത്സരങ്ങളിൽ നിന്നാണ് 100 ഗോളുകൾ കണ്ടെത്തിയതെങ്കിൽ വെറും 142 മത്സരങ്ങളിൽ നിന്നാണ് ഹാലണ്ട് 100 ഗോളുകൾ സ്വന്തമാക്കിയത്.