ബുഡാപെസ്റ്റ് :ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സില്‍ (World Athletics Championships) ഇന്ത്യയ്‌ക്കായി മിന്നും പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ് ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര (Neeraj Chopra). ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സില്‍ താരത്തിന് മെഡല്‍ നേടാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആരാധകര്‍. എന്നാല്‍ 90 മീറ്റര്‍ ദൂരമെന്ന കടമ്പ ഇപ്പോഴും 25-കാരനായ താരത്തിന് മുന്നില്‍ വെല്ലുവിളിയാണ്.
അന്താരാഷ്‌ട്ര തലത്തിലെ എതിരാളികളില്‍ പലരും നേരത്തെ ഈ ദൂരം കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ വര്‍ഷം സ്റ്റോക്ക്ഹോമിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ 89.94 മീറ്റർ ദൂരത്തേക്ക് ജാവലിന്‍ പായിച്ചതാണ് നീരജിന്‍റെ ഏറ്റവും മികച്ച പ്രകടനം. ഇതോടെ വരും നാളുകളില്‍ അന്താരാഷ്‌ട്ര തലത്തില്‍ മെഡല്‍ നേട്ടത്തിനായി നീരജ് പ്രയാസപ്പെടുമെന്നാണ് ചില കോണുകളില്‍ നിന്നുമുള്ള സംസാരം.
എന്നാല്‍ അധികം വൈകാതെ തന്നെ തനിക്ക് 90 മീറ്റർ ദൂരം മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പങ്കുവച്ചിരിക്കുകയാണ് നീരജ്. 90 മീറ്റര്‍ മാര്‍ക്കിന് താന്‍ ഏറെ അടുത്താണുള്ളതെന്നും ഇനി സാഹചര്യങ്ങള്‍ കൂടി അനുകൂലമായാല്‍ അതിന് കഴിയുമെന്നുമാണ് നീരജ് ചോപ്ര പറയുന്നത്.
"തീർച്ചയായും, 90 മീറ്ററിന് വളരെ അടുത്താണ് ഞാന്‍. അതിന്, അനുകൂലമായ കാലാവസ്ഥയുള്ള ഒരു മികച്ച ദിവസം മാത്രം. ആ ദൂരം കണ്ടെത്താന്‍ കഴിയുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്" - നീരജ് ചോപ്ര പറഞ്ഞു.
ഓരോ തവണ കളത്തിലിറങ്ങുമ്പോഴും തന്നിൽ അര്‍പ്പിച്ചിട്ടുള്ള വലിയ പ്രതീക്ഷകളുടെ സമ്മര്‍ദത്തെ നേരിടാൻ താൻ ശീലിച്ചിട്ടുണ്ടെന്നും നീരജ് പറഞ്ഞു."സമ്മർദം കൈകാര്യം ചെയ്യാൻ ഞാൻ ഒരു പരിധിവരെ ശീലിച്ചിട്ടുണ്ട്. എന്നിരുന്നാലും, രണ്ടോ നാലോ വർഷത്തിലൊരിക്കൽ (ലോക ചാമ്പ്യൻഷിപ്പ്‌സ്, ഒളിമ്പിക്‌സ് പോലെ) മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ തികഞ്ഞ ഉത്തരവാദിത്ത ബോധവുമുണ്ട്.
ഫീല്‍ഡില്‍ എപ്പോഴും എന്‍റെ നൂറുശതമാനം നൽകുകയും പൂർണ ശ്രദ്ധയോടെ പ്രവർത്തിക്കുകയുമാണ് ചെയ്യാറുള്ളത്. നേരത്തെ എന്നെ പ്രതിരോധത്തിലാക്കിയ ചില ഘടകങ്ങളുണ്ടായിരുന്നു എന്നത് വസ്‌തുതയാണ്. എന്നാല്‍ ക്രമേണ അതിനെ നേരിടുകയെന്നത് ഞാൻ ശീലമാക്കി മാറ്റി.
വെല്ലുവിളികള്‍ നേരിടാന്‍ തയ്യാര്‍ : കഴിഞ്ഞ ജൂണില്‍ ഡയമണ്ട് ലീഗിലായിരുന്നു നീരജ് അവസാനമായി മത്സരിച്ചത്. 87.66 ദൂരം ജാവലിന്‍ എറിഞ്ഞ് തുടർച്ചയായ രണ്ടാം തവണയും കിരീടം നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. പിന്നീട് പരിക്കിന്‍റെ ആശങ്കകളെ തുടര്‍ന്ന് ഒരു മാസം പുറത്തിരുന്നതിന് ശേഷമാണ് നീരജ് വീണ്ടും ഫീല്‍ഡിലേക്ക് മടങ്ങിയെത്തുന്നത്. ഇക്കാലയളവില്‍ നടത്തിയ പരിശീലനത്തിലും പ്രകടനത്തിലും താന്‍ സന്തുഷ്‌ടനാണെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.
"ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റുകൾക്കെതിരെ മത്സരിക്കുന്നതും സ്ഥിരത പുലർത്തുന്നതും തീർച്ചയായും എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. ഈ വർഷത്തിന്‍റെ തുടക്കത്തിൽ, ഞാൻ നന്നായി തയ്യാറെടുത്തിരുന്നു. പക്ഷേ പരിക്കേറ്റതിനെ തുടര്‍ന്ന് കുറച്ച് മത്സരങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു.
അതിനുശേഷം, തിരിച്ചെത്തിയ ഞാന്‍ ഡയമണ്ട് ലീഗിൽ പങ്കെടുത്തു. അവിടെ എന്‍റെ പ്രകടനം മികച്ചതായിരുന്നു. അതിനുശേഷം എല്ലാം മെച്ചപ്പെട്ടു. നിലവിലെ പ്രകടനത്തിലും പരിശീലനത്തിലും ഞാൻ ഏറെ സന്തോഷവാനാണ്. ലോക ചാമ്പ്യൻഷിപ്പ്‌സിലെ വെല്ലുവിളികള്‍ നേരിടാന്‍ മാനസികമായി തയ്യാറെടുക്കുകയെന്നത് ആയിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാരണം ചാമ്പ്യന്‍ഷിപ്പ്‌സില്‍ മികച്ച പ്രകടനം നടത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്"- നീരജ് ചോപ്ര പറഞ്ഞു.
ലക്ഷ്യം മികച്ച പ്രകടനം : ഒരു നിശ്ചിത ദൂരമോ, മെഡലോ മനസില്‍ വച്ചല്ല താന്‍ മത്സരിക്കുന്നതെന്നും നീരജ് വ്യക്തമാക്കി. " ഇത്രയും ദൂരത്തേക്ക് ജാവലിന്‍ എറിയണമെന്നോ, ഒരു പ്രത്യേക മെഡല്‍ നേടണമെന്നോ ഉള്ള ലക്ഷ്യം ഞാന്‍ മനസില്‍ വയ്‌ക്കുന്നില്ല. ഇവിടെ മത്സരിക്കുമ്പോള്‍ പരിക്കിനെക്കുറിച്ചുള്ള ഭയമോ, മറ്റെന്തെങ്കിലുമോ എന്‍റെ മനസിലുണ്ടാവാന്‍ ആഗ്രഹിക്കുന്നില്ല.
ALSO READ: 'ദ്യുതി ചന്ദ് ക്ലീൻ അത്‌ലറ്റ്'; 4 വര്‍ഷത്തെ വിലക്കിന് എതിരെ അപ്പീല്‍ നല്‍കുമെന്ന് അഭിഭാഷകന്‍
എന്‍റെ ഏറ്റവും മികച്ച പ്രകടനം നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് സംഭവിക്കുകയാണെങ്കില്‍ മുമ്പത്തേക്കാളും മികച്ച രീതിയില്‍ ഞാന്‍ മടങ്ങി വരും" - നീരജ് പറഞ്ഞുനിര്‍ത്തി. ഓഗസ്റ്റ് 19 മുതല്‍ 27 വരെയാണ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സ് നടക്കുന്നത്.