ഒറിഗോണ്‍ : ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി മലയാളി ലോങ് ജമ്പ് താരം എം. ശ്രീശങ്കര്‍. പുരുഷ വിഭാഗം ലോങ് ജമ്പില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് മലയാളി താരം സ്വന്തമാക്കിയത്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനം നേടിയാണ് ശ്രീശങ്കര്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് : ശ്രീശങ്കറിന് ചരിത്ര നേട്ടം, പുരുഷന്മാരുടെ ലോങ് ജമ്പില്‍ മലയാളിതാരം ഫൈനലില്‍ - എം ശ്രീശങ്കര്‍
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം ലോങ് ജമ്പില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി എം ശ്രീശങ്കര്‍

തന്‍റെ രണ്ടാം ശ്രമത്തില്‍ എട്ടുമീറ്റര്‍ ദൂരം പിന്നിട്ടാണ് ശ്രീശങ്കര്‍ ഫൈനലുറപ്പിച്ചത്. ആദ്യ ശ്രമത്തില്‍ 7.86 മീറ്റര്‍ ചാടിയ താരത്തിന്‍റെ അവസാന ശ്രമം ഫൗളില്‍ കലാശിച്ചു. രണ്ട് ഗ്രൂപ്പുകളിലായി നടന്ന യോഗ്യത മത്സരത്തില്‍ 12 പേരാണ് ഫൈനലുറപ്പിച്ചത്. ഇതില്‍ എട്ടാമതാണ് ശ്രീശങ്കറിന്‍റെ സ്ഥാനം. ഫൈനലുറപ്പിച്ച താരങ്ങളില്‍ ഏഴുപേരാണ് എട്ട് മീറ്റര്‍ ദൂരം കണ്ടെത്തിയത്.
ഇതേയിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ മുഹമ്മദ് അനീസ് യഹിയയും ജെസ്വിന്‍ ആള്‍ഡ്രിന്‍ ജോണ്‍സണും ഫൈനല്‍ കാണാതെ പുറത്തായി. 7.79 മീറ്റര്‍ കണ്ടെത്തിയ ജെസ്വിന്‍ 20ാം സ്ഥാനത്തും, 7.37 മീറ്റര്‍ ചാടിയ അനീസ് യഹിയ 23ാം സ്ഥാനത്തുമാണ് മത്സരം പൂര്‍ത്തിയാക്കിയത്.