യൂജിന്‍ : ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ട്രിപ്പിൾ ജമ്പില്‍ മലയാളി താരം എൽദോസ് പോളിന് നിരാശ. 16.79 മീറ്റര്‍ ദൂരം ചാടിയ താരം ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. തന്‍റെ രണ്ടാം ശ്രമത്തിലാണ് 25കാരനായ എൽദോസ് ഫൈനലിലെ മികച്ച ദൂരം കുറിച്ചത്.
ആദ്യ ശ്രമത്തില്‍ 16.37 മീറ്ററും മൂന്നാം ശ്രമത്തില്‍ 13.86 മീറ്ററുമാണ് താരത്തിന് കണ്ടെത്താനായത്. മെഡല്‍ നേടാനായില്ലെങ്കിലും ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ചാണ് എൽദോസ് യൂജിനില്‍ നിന്നും മടങ്ങുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിൾ ജമ്പില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് എല്‍ദോസ് നേടിയത്.
also read: Watch : ചരിത്രത്തിലേക്ക് ജാവലിന്‍ പായിച്ച് നീരജ് ; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി പ്രകടനം
യോഗ്യതാറൗണ്ടില്‍ തന്‍റെ രണ്ടാം ശ്രമത്തില്‍ 16.68 മീറ്റര്‍ ചാടിയാണ് എല്‍ദോസ് ഫൈനലിലെത്തിയത്. ഗ്രൂപ്പ് എയില്‍ ആറാമതും മൊത്തത്തില്‍ 12ാം സ്ഥാനത്തും എത്തിയായിരുന്നു എൽദോസ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. അതേസമയം ഈ വര്‍ഷം ഏപ്രിലില്‍ 16.99 മീറ്റര്‍ ദൂരത്തോടെ ഫെഡറേഷന്‍ കപ്പില്‍ സ്വര്‍ണം നേടാന്‍ എല്‍ദോസിന് കഴിഞ്ഞിരുന്നു. താരത്തിന്‍റെ കരിയറിലെ മികച്ച പ്രകടനമാണിത്.
17.95 മീറ്റര്‍ ദൂരം ചാടിയ പോര്‍ച്ചുഗലിന്‍റെ ഒളിമ്പിക് ചാമ്പ്യന്‍ പെഡ്രോ റിക്കാര്‍ഡോയാണ് സ്വര്‍ണം നേടിയത്. ബുര്‍ക്കിനഫാസോയുടെ ഹ്യൂഗ്‌സ് ഫാബ്രിസ് സാംഗോ (17.55 മീറ്റര്‍) വെള്ളിയും ചൈനയുടെ യാമിങ് സു (17.31 മീറ്റര്‍) വെങ്കലവും നേടി.