യൂജിന്‍ :ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അന്നു റാണിക്ക് നിരാശ. വനിതകളുടെ ജാവലിന്‍ ത്രോയില്‍ താരത്തിന് ഏഴാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ഫൈനലില്‍ 61.12 മീറ്ററാണ് താരത്തിന്‍റെ മികച്ച ദൂരം.
ആദ്യ ശ്രമത്തില്‍ 56.18 മീറ്റര്‍ മാത്രം കണ്ടെത്തിയ അന്നു രണ്ടാം ശ്രമത്തിലാണ് തന്‍റെ മികച്ച ദൂരം നേടിയത്. തുടര്‍ന്നുള്ള നാല് ശ്രമങ്ങളിലും താരത്തിന് 60 മീറ്റര്‍ ദൂരം താണ്ടാനായില്ല. 56.18, 61.12, 59.27, 58.14, 59.98, 58.70 എന്നിങ്ങനെയാണ് ഫൈനലില്‍ താരത്തിന്‍റെ പ്രകടനം.
66.91 മീറ്റര്‍ ജാവലിന്‍ പായിച്ച ഓസ്‌ട്രേലിയയുടെ നിലവിലെ ചാമ്പ്യന്‍ കെല്‍സി ലീ ബാര്‍ബെറാണ് സ്വര്‍ണം നേടിയത്. അമേരിക്കയുടെ കാറ വിങ്ങര്‍ ( 64.05 മീറ്റര്‍) വെള്ളിയും, ജപ്പാന്‍റെ ഹരുക കിറ്റാഗുച്ചി (63.27 മീറ്റര്‍) വെങ്കലവും നേടി. ജാവലിനില്‍ ജപ്പാന്‍റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലാണിത്. ചൈനയുടെ ഒളിമ്പിക് ചാമ്പ്യൻ ഷിയിങ് ലിയു (63.25 മീറ്റർ) നാലാമതായി.
അതേസമയം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അന്നുവിന്‍റെ തുടര്‍ച്ചയായ രണ്ടാം ഫൈനലായിരുന്നു ഇത്. നേരത്തെ 2019 ല്‍ ദോഹയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമെന്ന നേട്ടം അന്നു സ്വന്തമാക്കിയിരുന്നു. അന്ന് 61.12 മീറ്റര്‍ എറിഞ്ഞ് എട്ടാം സ്ഥാനത്തായിരുന്നു അന്നു ഫിനിഷ് ചെയ്തത്.