സ്റ്റോക്‌ഹോം:വനിത വിഭാഗം ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ വനിതകൾ മത്സരിക്കുന്നതിന് വിലക്കുമായി ലോക അത്‌ലറ്റിക്‌സ് അസോസിയേഷൻ. ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് പൂർണമായും നിയന്ത്രണ വിധേയമാക്കാതെ മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്നാണ് ലോക അത്‌ലറ്റിക്‌സ് ഫെഡറേഷൻ പ്രസിഡന്‍റ് സെബാസ്റ്റ്യൻ കോ വ്യക്‌തമാക്കുന്നത്. പ്രായപൂർത്തിയായ പുരുഷനിൽ നിന്നും ഒരു വനിത ട്രാൻസ്‌ജെൻഡറായി പരിവർത്തനം ചെയ്യപ്പെട്ട താരങ്ങൾക്കും മാർച്ച് 31 മുതൽ വനിത ലോക റാങ്കിങ് മത്സരങ്ങളിൽ പങ്കെടുക്കാനാകില്ലെന്നും ഗ്ലോബൽ ട്രാക്ക് ആൻഡ് ഫീൽഡ് ഫെഡറേഷൻ യോഗത്തിലാണ് തീരുമാനമെടുത്തത്.
ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളുടെ പ്രശ്‌നത്തെക്കുറിച്ച് 40 ദേശീയ ഫെഡറേഷനുകൾ, ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റി, ട്രാൻസ് ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെയുള്ള സംഘടനകൾ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗവും ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ വനിത വിഭാഗത്തിൽ മത്സരിക്കേണ്ടതില്ലെന്നാണ് അഭിപ്രായപ്പെട്ടത്.
ജീവശാസ്‌ത്രപരമായ സ്‌ത്രീകളെകളെക്കാൾ ട്രാൻസ്‌വുമണുകൾ കൂടുതൽ ആനുകൂല്യങ്ങൾ നിലനിർത്തുന്നില്ല എന്നതിന് മതിയായ തെളിവുകളില്ലെന്നാണ് പൊതുവായ ധാരണ. ഇവരെ വനിത വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുന്നതിനായി ശാരീരികമായി എന്തെങ്കിലും മെച്ചപ്പെടുത്തിയതിന് കൂടുതൽ തെളിവുകൾ ആവശ്യമാണ്. കായിക രംഗത്തെ മികവുറ്റതാക്കാൻ ഈ മാറ്റങ്ങൾ ഗുണം ചെയ്യുമെന്നാണ് വിശ്വാസമെന്നും കോ പറഞ്ഞു.
ഈ വിധി ശാശ്വതമല്ല; ഈ തീരുമാനം എക്കാലവും തുടരുമെന്ന് പറയുന്നില്ല. ശാസ്ത്രീയ സംഭവവികാസങ്ങൾ കൂടുതൽ നിരീക്ഷിക്കാൻ ട്രാൻസ്‌ജെൻഡറായ വ്യക്തിയുടെ നേതൃത്വത്തിൽ ഒരു വർക്കിങ് ഗ്രൂപ്പ് സൃഷ്‌ടിക്കുമെന്ന് കോ പറഞ്ഞു. മറ്റെല്ലാ പരിഗണനകൾക്കും ഉപരിയായി വനിത അത്‌ലറ്റുകളോട് നീതി പുലർത്തണമെന്ന കാഴ്‌ചപ്പാട് ഞങ്ങൾ തുടരുന്നു. വരും വർഷങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾ ഉണ്ടാകും. ആവശ്യമായ തെളിവുകൾ ലഭ്യമാകുമ്പോൾ ഈ വിഷയത്തെ കൂടുതൽ അവലോകനം ചെയ്യും. എന്നാൽ അത്‌ലറ്റിക്‌സിലെ വനിത വിഭാഗത്തിന്‍റം സമഗ്രത പരമപ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
രാജ്യാന്തര മത്സരങ്ങൾക്ക് യോഗ്യത നേടുന്നതിനായി ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളുടെ ടെസ്റ്റോസ്റ്റിറോൺ അളവ് ലിറ്ററിന് 2.5 നാനോമോളിൽ താഴെയായി 24 മാസത്തേക്ക് നിലനിർത്തണമെന്നാണ് തീരുമാനം. നിലവിൽ അന്താരാഷ്‌ട്രതലത്തിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളാരും മത്സരിക്കുന്നില്ല. അതുകൊണ്ടുതന്നെ വനിത വിഭാഗം മത്സരത്തിന്‍റെ വിധി നിർണയിക്കുന്നതിൽ ഈ അത്‌ലറ്റുകൾ ചെലുത്തുന്ന സ്വാധീനത്തിന് വ്യക്‌തമായ തെളിവുകളൊന്നുമില്ല. വേൾഡ് അത്‌ലറ്റിക്‌സ് കൗൺസിൽ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.