ലണ്ടന്‍ : പ്രാര്‍ഥനയ്ക്കും മെഡിറ്റേഷനുമായുള്ള ക്വയറ്റ് റൂമുകളില്‍ സെക്‌സ് അനുവദിക്കില്ലെന്ന് ആരാധകര്‍ക്ക് കര്‍ശന നിര്‍ദേശവുമായി വിംബിള്‍ഡണ്‍ (Wimbledon) അധികൃതര്‍. കഴിഞ്ഞ വർഷം, കോർട്ട് 12-ന് സമീപമുള്ള ക്വയറ്റ് റൂമുകള്‍ ആളുകള്‍ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണെന്ന് കാണിച്ചാണ് വിംബിള്‍ഡണ്‍ അധികൃതരുടെ പുതിയ നിര്‍ദേശം.
ഒരു അന്താരാഷ്‌ട്ര മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ക്വയറ്റ് റൂമുകള്‍ ആളുകൾ ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്ന് ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ്ബിന്‍റെ ചീഫ് എക്സിക്യുട്ടീവ് സാലി ബോൾട്ടൺ പറഞ്ഞു.
"വളരെ പ്രധാനപ്പെട്ട സ്ഥലമാണ് ക്വയറ്റ് റൂമുകള്‍. അതിനാൽ, ഞങ്ങൾ അത് നിലനിർത്തുകയും ആളുകൾ അത് ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ആളുകൾക്ക് പ്രാർഥിക്കാൻ സ്ഥലം ആവശ്യമാണെങ്കിൽ, അതിനുള്ള ശാന്തമായ ഇടമാണിത്. അവിടെ മുലയൂട്ടാനും അവസരമുണ്ട്. പക്ഷേ, ശരിയായ രീതിയില്‍ വേണം അവിടം ഉപയോഗപ്പെടുത്താന്‍" - സാലി ബോൾട്ടൺ വ്യക്തമാക്കി.
കഴിഞ്ഞ വർഷം, കോർട്ട് 12-ന് സമീപമുള്ള ക്വയറ്റ് റൂമുകളില്‍ ആളുകള്‍ അടുത്ത് ഇടപഴകുന്നതിനെതിരെ വലിയ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്വയറ്റ് റൂമുകളുടെ ഉദ്ദേശലക്ഷ്യം അധികൃതര്‍ വീണ്ടും ആവര്‍ത്തിക്കുന്നത്.
രണ്ട് ചാരുകസേരകളും മടക്കിവയ്‌ക്കാവുന്ന തരത്തിലുള്ള മേശ, ചാർജിങ് സൗകര്യം എന്നിവയുമാണ് ക്വയറ്റ് റൂമിലുള്ളത്. സതേൺ വില്ലേജിലാണ് ഈ സൗകര്യമുള്ളത്. 2023-ലെ ഔദ്യോഗിക ആക്‌സസ് ഗൈഡ് അനുസരിച്ച്, അതിഥികൾക്ക് പ്രാർഥന, മെഡിറ്റേഷന്‍, അല്ലെങ്കിൽ ഗ്രൗണ്ടിന് ചുറ്റുമുള്ള ജനക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞ് മാറി ശാന്തമായി ഇരിക്കാവുന്ന സ്ഥലം എന്ന രീതിയിലാണ് ക്വയറ്റ് റൂമുകളുടെ ഉപയോഗം വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം വിംബിള്‍ഡണിന്‍റെ 136-ാം പതിപ്പിന് ജൂണ്‍ മൂന്നിനാണ് തുടക്കമായത്. രണ്ടാഴ്‌ചയോളം നീണ്ട് നില്‍ക്കുന്ന ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിള്‍സ് ഫൈനല്‍ ജൂലൈ 15-നും പുരുഷ സിംഗിള്‍സ് ഫൈനല്‍ ജൂലൈ 16-നുമാണ് നടക്കുക. 2023-ലെ മൂന്നാം ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്‍റാണിത്. സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് (Novak Djokovic), കസാഖിസ്ഥാന്‍റെ എലെന റിബാക്കിന (Elena Rybakina) എന്നിവരാണ് നിലവിലെ പുരുഷ - വനിത ചാമ്പ്യന്മാര്‍.
ചാമ്പ്യന്‍മാര്‍ക്ക് കോടികള്‍ കൊയ്യാം : വിംബിള്‍ഡണ്‍ 2023-ന്‍റെ സമ്മാനത്തുക നേരത്തേതന്നെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ചാമ്പ്യന്മാരാകുന്ന പുരുഷ - വനിത താരങ്ങള്‍ക്ക് 24 കോടിയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 12 കോടിയാണ് ലഭിക്കുക. ടൂര്‍ണമെന്‍റില്‍ ഇത്തവണ ആകെ 466 കോടിയോളമാണ് സമ്മാനായി വിതരണം ചെയ്യുന്നത്. ആദ്യ റൗണ്ടില്‍ പുറത്താകുന്നവര്‍ക്ക് 13 ലക്ഷമാണ് ലഭിക്കുക.
ALSO READ:ഒക്‌ടോബറില്‍ അമ്മയായി, മൂന്ന് മാസത്തിന് ശേഷം പരിശീലനത്തിന്, വിംബിള്‍ഡണില്‍ വിജയത്തുടക്കവുമായി എലീന സ്വിറ്റോലിന
ചരിത്രം തിരുത്തി വിംബിള്‍ഡണ്‍: വിംബിള്‍ഡണിനിറങ്ങുന്ന താരങ്ങള്‍ വെള്ള വസ്ത്രം ധരിക്കണമെന്നായിരുന്നു നേരത്തെയുള്ള നിയമം. എന്നാല്‍ കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണിലെ വെള്ള വസ്ത്രവും ആര്‍ത്തവ സമയത്ത് വനിത താരങ്ങള്‍ വെള്ള വസ്‌ത്രം ധരിക്കുന്നതിലെ പ്രായോഗികതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. വെള്ള വസ്ത്രം നിർബന്ധമാക്കിയുള്ള നിയമം ഒഴിവാക്കണമെന്ന് നിരവധി വനിത താരങ്ങള്‍ ആവശ്യപ്പെട്ടു. ഇതിന് ജനപിന്തുണയേറിയതോടെ ഈ വര്‍ഷം മുതല്‍ ഇരുണ്ട നിറമുള്ള അടിവസ്ത്രങ്ങൾ ധരിക്കാൻ വനിത താരങ്ങളെ അനുവദിക്കുമെന്ന് ഓള്‍ ഇംഗ്ലണ്ട് ക്ലബ് അറിയിച്ചിരുന്നു.