ലണ്ടന്‍: പുൽക്കോർട്ടിലെ ഏക ഗ്രാൻഡ്‌സ്‌ലാമായ വിംമ്പിൾഡൺ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും. 135-മത് വിംബിള്‍ഡൺ പുരുഷ വിഭാഗത്തില്‍ നൊവാക് ജോക്കോവിച്ചും വനിത വിഭാഗത്തില്‍ ഇഗ ഷ്വാംടെകുമാണ് ടോപ് സീഡ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പ്രതിഷേധാർഹമായി റഷ്യ, ബെലാറുസ് താരങ്ങള്‍ക്ക് മത്സരത്തിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മുന്‍നിര താരങ്ങള്‍ക്ക് ആദ്യമത്സരത്തില്‍ കാര്യമായ വെല്ലുവിളിയില്ല. ലോക ഒന്നാം നമ്പര്‍ ഡാനില്‍ മെദ്‌വദേവ്, രണ്ടാം നമ്പര്‍ അലക്‌സാണ്ടര്‍ സ്വെരേവ്, ഇതിഹാസതാരം റോജർ ഫെഡറർ എന്നിവരില്ലാതെയാണ് ഇത്തവണ വിംബിള്‍ഡണിന് കളമൊരുങ്ങുന്നത്. നിലവിലെ ചാമ്പ്യനും ടോപ് സീഡുമായ നൊവാക് ജോക്കോവിച്ചും രണ്ടാം സീഡ് റാഫേൽ നദാലും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്ന നിലയിലാണ് മത്സരക്രമം.
22 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ അര്‍ജന്‍റീനയുടെ ഫ്രാന്‍സിസ്‌കോ സെറൊണ്ടോളോയെ നേരിടും. നിലവിലെ ചാമ്പ്യനായ ജോക്കോവിച്ചിന് ദക്ഷിണ കൊറിയയുടെ വോൺ സൂൺ വൂവാണ് എതിരാളി. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഗ്രാൻഡ്‌സ്‌ലാം കോര്‍ട്ടിലേക്ക് മടങ്ങിയെത്തുന്ന മുന്‍ ചാമ്പ്യൻ സെറീന വില്യംസ് 113-ാം റാങ്കിലുള്ള ഹാര്‍മണി ടാനെ ആദ്യറൗണ്ടില്‍ നേരിടും.