ലണ്ടൻ : വിംബിൾഡൺ ആദ്യ റൗണ്ടിലെ ത്രില്ലർ മത്സരത്തിന് ഒടുവിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി സ്‌പാനിഷ് യുവതാരവും അഞ്ചാം സീഡുമായ കാർലോസ് അൽകാരസ്. നാലര മണിക്കൂറിലധികം നീണ്ട 5 സെറ്റ് പോരാട്ടത്തിനൊടുവിൽ ജർമൻ താരം യാൻ ലനാർഡ് സ്‌ട്രഫിനെയാണ് അൽകാരസ് വീഴ്‌ത്തിയത്. പരസ്‌പരം വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഇരു താരങ്ങളും പൊരുതിയപ്പോൾ ആദ്യ ദിനത്തിലെ മികച്ച പോരാട്ടത്തിനാണ് കായികപ്രേമികള്‍ സാക്ഷികളായത്.
മത്സരത്തിൽ സ്ട്രഫ് 23 എയ്‌സുകൾ ഉതിർത്തപ്പോൾ അൽകാരസ് 31 എയ്‌സുകളാണ് നടത്തിയത്. ആദ്യ സെറ്റിൽ ബ്രേക്ക് കണ്ടെത്തിയ ജർമൻ താരം സെറ്റ് 6-4 ന് നേടി മത്സരത്തിൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിൽ സ്‌ട്രഫിന്റെ അവസാന സർവീസിൽ ബ്രേക്ക് നേടിയ അൽകാരസ് 7-5 ന് സെറ്റ് നേടി മത്സരത്തിൽ ഒപ്പമെത്തി.
മൂന്നാം സെറ്റിൽ കൂടുതൽ മികവോടെ പൊരുതിയ സ്ട്രഫ് 6-4 ന് സെറ്റ് നേടി. നാലാം സെറ്റിൽ കടുത്ത പോരാട്ടം ആണ് കാണാൻ ആയത്. നിരവധി തവണ ബ്രേക്ക് പോയിന്‍റുകൾ സൃഷ്‌ടിച്ച അൽകാരസിന്റെ ശ്രമങ്ങൾ സ്‌ട്രഫ് മികച്ച രീതിയിൽ പ്രതിരോധിച്ചു. ഒടുവിൽ ടൈ ബ്രേക്കറിൽ സെറ്റ് നേടിയ അൽകാരസ് മത്സരം അവസാന സെറ്റിലേക്ക് നീട്ടി. അവസാന സെറ്റിൽ തന്റെ മികച്ച ഫോർഹാന്റുകളുമായി കളം നിറഞ്ഞ അൽകാരസ് 6-4 ന് സെറ്റ് സ്വന്തമാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
അരങ്ങേറ്റത്തിൽ മിന്നി എമ്മ : സ്വന്തം നാട്ടിൽ തന്‍റെ ആദ്യ വിംബിൾഡൺ സെന്‍റർ കോർട്ട് അരങ്ങേറ്റം ഗംഭീരമാക്കി ബ്രിട്ടീഷ് താരവും മുൻ യു.എസ് ഓപ്പൺ ജേതാവും ആയ എമ്മ റാഡുകാനു. പത്താം സീഡ് ആയ എമ്മ സീഡ് ചെയ്യാത്ത ബെൽജിയം താരം ആലിസൺ വാനിനെ ആണ് നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചത്. നാട്ടുകാരായ കാണികളുടെ നിറഞ്ഞ പിന്തുണയുമായി കളിച്ച എമ്മ 6-4, 6-4 എന്ന സ്കോറിന് ജയിച്ചുകയറി.