ലണ്ടൻ : റഷ്യയിലെയും ബെലാറസിലെയും ടെന്നിസ് താരങ്ങളെ ഈ വർഷം വിംബിൾഡൺ കളിക്കാൻ അനുവദിക്കില്ലെന്ന് ഓൾ ഇംഗ്ലണ്ട് ക്ലബ് അറിയിച്ചു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതോടെ നിലവിലെ യുഎസ് ഓപ്പൺ ചാമ്പ്യൻ ഡാനിൽ മെദ്‌വദേവ് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് വിംബിൾഡൺ കളിക്കാനാവില്ല.
എടിപി റാങ്കിങ്ങില്‍ അടുത്തിടെ ഒന്നാം സ്ഥാനത്തെത്തിയ മെദ്‌വദേവ്, നിലവിൽ രണ്ടാം സ്ഥാനത്താണ്. ആൻഡ്രി റൂബ്ലെവ് (ലോക എട്ടാം നമ്പര്‍ പുരുഷ താരം), അരിന സബലെങ്ക (2021ലെ വിംബിൾഡൺ സെമിഫൈനലിസ്റ്റും ഡബ്ല്യുടിഎ റാങ്കിങ്ങിൽ നാലാം സ്ഥാനക്കാരിയും), വിക്‌ടോറിയ അസരെങ്ക (രണ്ട് തവണ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ മുൻ വനിതാ ഒന്നാം നമ്പർ താരം), അനസ്താസിയ പാവ്ലിയുചെങ്കോവ (കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ റണ്ണറപ്പ്) തുടങ്ങിയവരാണ് വിലക്ക് ബാധിച്ച മറ്റ് പ്രമുഖ താരങ്ങള്‍.