മാഡ്രിഡ്: ഈ വര്‍ഷം നടക്കാനിരിക്കുന്ന ടെന്നീസ് ടൂര്‍ണമെന്‍റുകളില്‍ നിന്ന് റഷ്യൻ-ബൊലാറസ് താരങ്ങളെ വിലക്കിയതിനെതിരെ വിമര്‍ശനവുമായി നൊവാക് ജോക്കോവിച്ചും, റാഫേല്‍ നദാലും രംഗത്ത്. വിംബിള്‍ഡണിന്‍റെ തീരുമാനം അന്യായമെന്നായിരുന്നു ഇരു താരങ്ങളുടെയും പ്രതികരണം. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ അടിസ്ഥാനത്തിലാണ് റഷ്യന്‍-ബൊലാറസ് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
വിംബിള്‍ഡണില്‍ റഷ്യന്‍ താരങ്ങള്‍ക്ക് വിലക്ക്; തീരുമാനം അന്യായമെന്ന് ഇതിഹാസ താരങ്ങളായ നദാലും, ജോക്കോവിച്ചും - വിംബിള്‍ഡണ്ണില്‍ റഷ്യന്‍ താരങ്ങള്‍ക്ക് വിലക്ക്
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്‍റെ അടിസ്ഥാനത്തിലാണ് റഷ്യൻ-ബൊലാറസ് താരങ്ങള്‍ക്ക് വിംബിള്‍ഡണ്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
റഷ്യന്‍ താരങ്ങളോടുള്ള ഈ പ്രവര്‍ത്തി അനീതിയാണ്. അവരുടെ തെറ്റുകളിലൂടെയല്ല യുദ്ധം സംഭവിച്ചത്. വിഷയത്തില്‍ താരങ്ങളുടെ തീരുമാനം എന്താണെന്ന് വരും ദിവസങ്ങളില്‍ അറിയാമെന്ന് 21 തവണ ഗ്രാന്‍റ് സ്ലാം കിരീടം നേടിയ റാഫേല്‍ നദാല്‍ അഭിപ്രായപ്പെട്ടു. ഈ വർഷം ആദ്യം എനിക്കും സമാനമായ ഒരു കാര്യത്തിലൂടെ കടന്നുപോകേണ്ടി വന്നു. നിങ്ങൾക്ക് മത്സരങ്ങളില്‍ കളിക്കാൻ കഴിയില്ലെന്നറിയുന്നത് നിരാശാജനകമാണ്. വിംബിൾഡൺ തീരുമാനത്തെ പിന്തുണയ്ക്കുന്നില്ലെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി ജോക്കോവിച്ച് പറഞ്ഞു.
മാഡ്രിഡ് ഓപ്പണില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് ഇരുതാരങ്ങളും. ലോക രണ്ടാം നമ്പര്‍ താരമായ ഡാനില്‍ മെദ്‌വദേവ്, കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ സെമി ഫൈനലിസ്‌റ്റ് അരിന സബലെങ്ക ഉള്‍പ്പടെയുള്ള താരങ്ങളെയാണ് വിലക്ക് ബാധിക്കുക. ജൂണ്‍ 27 മുതലാണ് വിംബിള്‍ഡണ്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.