ലണ്ടൻ :വിംബിൾഡൺ മൂന്നാം ദിനം വമ്പൻ അട്ടിമറികൾക്കാണ് സാക്ഷിയായത്. പുരുഷ സിംഗിള്‍സില്‍ ബ്രിട്ടീഷ് ഇതിഹാസ താരം ആൻഡി മറെ, ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റായ കാസ്‌പര്‍ റൂഡ് എന്നിവർ രണ്ടാം റൗണ്ടില്‍ പുറത്തായി. വനിത വിഭാഗത്തിൽ പത്താം സീഡും യു.എസ് ഓപ്പൺ ജേതാവുമായ ബ്രിട്ടീഷ് താരം എമ്മ റാഡുകാനു, ഒമ്പതാം സീഡ് സ്‌പാനിഷ് താരം ഗബ്രീൻ മുഗുരുസ എന്നിവരും പുറത്തായി. അതേസമയം, പുരുഷ സിംഗിള്‍സില്‍ തുടര്‍ച്ചയായ നാലാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയയുടെ തനാസി കോക്കിനാകിസിനെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്ന് മൂന്നാം റൗണ്ടിലെത്തി. സ്കോര്‍ 6-1, 6-4, 6-2.
ഇസ്‌നറിന്‍റെ എയ്‌സുകൾക്ക് മറുപടിയില്ലാതെ മറെ : സ്വന്തം കാണികൾക്ക് മുന്നിൽ സെന്‍റർ കോർട്ടിലിറങ്ങിയ ആൻഡി മറെയെ 20-ാം സീഡ് അമേരിക്കൻ താരം ജോൺ ഇസ്‌നർ ആണ് തോൽപ്പിച്ചത്. രണ്ട് ടൈ ബ്രേക്കറുകൾ കണ്ട മത്സരത്തിൽ നാല് സെറ്റ് പോരാട്ടത്തിന് ശേഷമാണ് രണ്ട് തവണ വിംബിൾഡൺ ജേതാവായ മറെ കീഴടങ്ങിയത്. ബ്രിട്ടീഷ് താരം 11 എയ്‌സുകൾ ഉതിർത്തപ്പോൾ വമ്പൻ സർവീസുകൾക്ക് പേര് കേട്ട ഇസ്‌നർ മത്സരത്തിൽ 38 എയ്‌സുകളാണ് തൊടുത്തത്. വിംബിൾഡണിൽ സിംഗിൾസിൽ 1000 ഏസുകൾ ഉതിർക്കുന്ന അഞ്ചാമത്തെ താരമായും ഇസ്‌നർ ഇതോടെ മാറി. മുമ്പ് 8 തവണ മറെയോട് തോറ്റ ഇസ്‌നർ കരിയറിൽ ആദ്യമായാണ് മറെയെ തോൽപ്പിക്കുന്നത്. സ്കോർ: 6-4, 7-6, 6-7, 6-4.
സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം യുഗോ ഹംമ്പർട്ട് നാല് സെറ്റ് പോരാട്ടത്തിൽ ആണ് കാസ്‌പർ റൂഡിനെ തോൽപ്പിച്ചത്. ആദ്യ സെറ്റ് 6-3 ന് നഷ്‌ടമായ ശേഷം 6-2, 7-5, 6-4 സ്കോറിന് തുടർന്നുള്ള സെറ്റുകൾ നേടിയാണ് ഫ്രഞ്ച് താരം റൂഡിനെ അട്ടിമറിച്ചത്. 4 തവണ ബ്രേക്ക് വഴങ്ങിയ ഹംമ്പർട്ട് 6 തവണയാണ് റൂഡിന്‍റെ സർവീസ് ബ്രേക്ക് ചെയ്‌തത്.