ലണ്ടന്‍:വിംബിള്‍ഡണ്‍ 2023 (Wimbledon 2023) 136-ാം പതിപ്പിന് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നരയ്‌ക്കാണ് 2023ലെ മൂന്നാം ഗ്രാന്‍ഡ്‌സ്ലാം കിരീടപ്പോരാട്ട മത്സരങ്ങള്‍ ആരംഭിക്കുന്നത്. രണ്ടാഴ്‌ചയോളം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്‍റ് പുരുഷ സിംഗിള്‍സ് ഫൈനല്‍ നടക്കുന്ന ജൂലൈ 16നാണ് അവസാനിക്കുന്നത്. ജൂലൈ 15നാണ് വനിത ചാമ്പ്യനെ കണ്ടെത്തുന്ന കലാശപ്പോരാട്ടം.
സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് (Novak Djokovic), കസഖ്‌സ്ഥാന്‍റെ എലെന റിബാക്കിന (Elena Rybakina) എന്നിവരാണ് നിലവിലെ പുരുഷ - വനിത ചാമ്പ്യന്മാര്‍. സ്‌പെയിനിന്‍റെ കാര്‍ലോസ് അല്‍കാരസ് (Carlos Alcaraz) ആണ് നിലവില്‍ പുരുഷ ഒന്നാം നമ്പര്‍ താരം. വനിതാ താരങ്ങളില്‍ ഒന്നാം റാങ്കുകാരിയായി ഇഗാ സ്വിയാടെക്കും (Iga Swiatek) പുല്‍കോര്‍ട്ടില്‍ ഇറങ്ങും.
റെക്കോഡ് ലക്ഷ്യമിട്ട് നൊവാക് ജോക്കോവിച്ച്:വിംബിള്‍ഡണ്‍ 2023ലെ ആദ്യ മത്സരത്തിന് സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഇന്ന് കളത്തിലിറങ്ങും. അര്‍ജന്‍റിനയുടെ പെഡ്രോ കാഷ് (Pedro Cachin) ആണ് ജോക്കോയുടെ എതിരാളി. വൈകുന്നേരം ആറിനാണ് ഈ മത്സരം ആരംഭിക്കുന്നത്.
വിംബിള്‍ഡണില്‍ എട്ടാം കിരീടവും 24-ാം ഗ്രാന്‍ഡ്സ്ലാം കിരീടവുമാണ് നൊവാക് ജോക്കോവിച്ചിന്‍റെ ലക്ഷ്യം. കഴിഞ്ഞ നാല് പ്രാവശ്യവും വിംബിള്‍ഡണ്‍ പുരുഷ ചാമ്പ്യനായതും ജോക്കോവിച്ച് തന്നെ. ഇത്തവണ നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയില്‍ കിരീടം നേടിയതിന്‍റെ ആത്മവിശ്വാസവുമായാണ് സെര്‍ബിയന്‍ താരം ലണ്ടനിലേക്ക് എത്തിയിരിക്കുന്നത്.
കഴിഞ്ഞ പ്രാവശ്യം ഫൈനലില്‍ ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെ തോല്‍പ്പിച്ചുകൊണ്ടാണ് നെവാക് ജോക്കോവിച്ച് കരിയറിലെ ഏഴാം വിംബിള്‍ഡണ്‍ കിരീടം നേടിയത്. ആദ്യ സെറ്റ് നഷ്‌ടപ്പെട്ടെങ്കിലും പിന്നീട് ശക്തമായി തിരിച്ചടിക്കാന്‍ ജോക്കോവിച്ചിന് സാധിച്ചിരുന്നു.
അടുത്തിടെ അവസാനിച്ച ഫ്രഞ്ച് ഓപ്പണില്‍ നോര്‍വെ താരം കാസ്‌പര്‍ റൂഡിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ജോക്കോ വിജയകിരീടം നേടിയത്. ഈ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരസിനെ വീഴ്‌ത്താനും ജോക്കോവിച്ചിനായിരുന്നു.
കരുത്ത് കാട്ടാന്‍ ഇഗ, കിരീടം നിലനിര്‍ത്താന്‍ റിബാക്കിന :ലോക ഒന്നാം സീഡ് ഇഗ സ്വിയാടെക്ക് വനിതകളുടെ ആദ്യ റൗണ്ട് മത്സരത്തിന് ഇന്നാണ് ഇറങ്ങുന്നത്. ചൈനയുടെ ഷു ലിന്‍ ആണ് താരത്തിന്‍റെ എതിരാളി. ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് കഴിഞ്ഞ 15 മാസത്തോളമായി ഒന്നാം സീഡായി തുടരുന്ന ഇഗ.
ഒന്‍സ് ജാബിയൂറിനെ തകര്‍ത്താണ് റിബാക്കിന കഴിഞ്ഞ വര്‍ഷം തന്‍റെ കരിയറിലെ ആദ്യം സിംഗിള്‍സ് കിരീടം നേടിയത്. ഈ വര്‍ഷം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ താരം എത്തിയിരുന്നു. എന്നാല്‍, കലാശപ്പോരില്‍ ആര്യാന സബലേങ്കയോട് താരം തോല്‍വി വഴങ്ങുകയായിരുന്നു.
ചാമ്പ്യന്‍മാര്‍ക്ക് കോടികള്‍:വിംബിള്‍ഡണ്‍ ചാമ്പ്യന്മാരാകുന്ന പുരുഷ - വനിത താരങ്ങള്‍ക്ക് 24 കോടിയാണ് സമ്മാനത്തുക ആയി ലഭിക്കുന്നത്. റണ്ണര്‍ അപ്പുകള്‍ക്ക് 12 കോടിയാണ് ലഭിക്കുക. ആകെ 466 കോടിയോളമാണ് വിംബിള്‍ഡണ്‍ ടൂര്‍ണമെന്‍റിലെ സമ്മാനത്തുക. ആദ്യ റൗണ്ടില്‍ പുറത്താകുന്നവര്‍ക്ക് 13 ലക്ഷവുമാണ് ടൂര്‍ണമെന്‍റില്‍ നിന്നും ലഭിക്കുക.