ലണ്ടന്‍:വിംബിള്‍ഡണ്‍ വനിത സിംഗിള്‍സ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിക്ടോറിയ അസറങ്കയെ (Victoria Azarenka) അട്ടിമറിച്ച് എലീന സ്വിറ്റോലിന (Elina Svitolina). 2-6 6-4 7-6 (11-9) എന്ന സ്‌കോറിനാണ് അസറങ്കയെ വീഴ്‌ത്തി യുക്രൈന്‍ താരം സ്വിറ്റോലിന ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. നാളെ (ജൂലൈ 11) നടക്കുന്ന ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് ഇഗ സ്വിയാടെക്ക് (Iga Swiatek) ആണ് സ്വിറ്റോലിനയുടെ എതിരാളി.
മത്സരത്തിലെ ആദ്യ സെറ്റ് അനായാസം തന്നെ സ്വന്തമാക്കാന്‍ ബെലാറൂസിന്‍റെ 33 കാരിയായ താരത്തിന് സാധിച്ചു. എന്നാല്‍, രണ്ടാം സെറ്റില്‍ എലീന ശക്തമായി തിരിച്ചടിച്ചു. ആദ്യ സെറ്റ് 2-6 എന്ന സ്‌കോറിന് നഷ്‌ടപ്പെടുത്തിയ എലീന രണ്ടാം സെറ്റ് 6-4 എന്ന സ്‌കോറിനാണ് പിടിച്ചെടുത്തത്.
ആവേശകരമായിരുന്നു ഇരുവരും തമ്മിലുള്ള മൂന്നാം സെറ്റ്. ടൈ ബ്രേക്കറിലേക്ക് നീങ്ങിയ മത്സരത്തില്‍ 7-4ന് പിന്നിലായ ശേഷമാണ് സ്വിറ്റോലിന മത്സരത്തിലേക്ക് തിരിച്ചുവന്നത്. പിന്നാലെ ചില നാടകീയ സംഭവങ്ങള്‍ മൈതാനത്ത് അരങ്ങേറി.
എന്തുകൊണ്ട് ഷേക്ഹാൻഡ് നല്‍കിയില്ല: മത്സരത്തിന് ശേഷം അസറങ്ക, യുക്രൈന്‍ താരത്തിന് ഷേക്ക്ഹാന്‍ഡ് നല്‍കാതെയാണ് പുല്‍കോര്‍ട്ട് വിട്ടത്. സ്വിറ്റോലിന ജയം നേടിയതിന് പിന്നാലെ, മാച്ച് റഫറിക്ക് അരികിലെത്തി റഫറിക്ക് കൈനല്‍കിയ ശേഷം അസറങ്ക കളം വിടുകയായിരുന്നു. ഇതിന് പിന്നാലെ, അസറങ്കയ്‌ക്കെതിരെ ആരാധകരും രംഗത്തെത്തി.
ഗാലറിയിലുണ്ടായിരുന്ന കാണികള്‍ അസറങ്കയ്‌ക്കെതിരെ കൂകിവിളിച്ചു. ഇതിന് പിന്നാലെ, താന്‍ എന്തുകൊണ്ടാണ് സ്വിറ്റോലിനയ്‌ക്ക് ഹസ്‌തദാനം നല്‍കാതെ പോയതെന്നതില്‍ അസറങ്ക തന്നെ വ്യക്തത വരുത്തിയിരുന്നു.