ലണ്ടന്‍:വിംബിള്‍ഡണ്‍ (Wimbledon) സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വനിത സിംഗിള്‍സ് (Women's Singles) പോരാട്ടങ്ങളോടെയാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ യുക്രൈന്‍ താരം എലീന സ്വിറ്റോലിനയും (Elina Svitolina) ചെക്ക് റിപ്പബ്ലിക്കിന്‍റെ എം വോൺഡ്രോസോവയും (Markéta Vondroušová) ഏറ്റുമുട്ടും. വൈകിട്ട് ആറ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് ഇഗ സ്വിയാടെക്കിനെ (Iga Swiatek) തകര്‍ത്താണ് സ്വിറ്റോലിന തന്‍റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയ ശേഷമുള്ള ആദ്യത്തെ ഗ്രാന്‍ഡ്‌സ്ലാം സെമി ഫൈനലില്‍ പ്രവേശിച്ചത്. ഇഗയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യത്തേയും മൂന്നാമത്തെയും സെറ്റ് സ്വന്തമാക്കാന്‍ സ്വിറ്റോലിനയ്‌ക്ക് കഴിഞ്ഞിരുന്നു. മത്സരത്തിലെ ആദ്യ സെറ്റ് 5-7നാണ് സ്വിറ്റോലിന സ്വന്തമാക്കിയത്.
രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചടിക്കാന്‍ ഇഗയ്‌ക്ക് കഴിഞ്ഞിരുന്നു. ടൈ ബ്രേക്കറിലേക്ക് നീങ്ങിയ സെറ്റില്‍ 7-6 (7-5) എന്ന സ്‌കോറിനാണ് ലോക ഒന്നാം നമ്പര്‍ താരം സെറ്റ് പിടിച്ചത്. എന്നാല്‍, നിര്‍ണായകമായ അവസാന സെറ്റില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ ഇഗയ്‌ക്ക് കഴിഞ്ഞില്ല. 6-2 എന്ന സ്‌കോറിന് അനായാസമാണ് സ്വിറ്റോലിന അവസാന സെറ്റ് നേടിയെടുത്തത്.
അമേരിക്കയുടെ ജെസിക പെഗുലയെയാണ് വോൺഡ്രോസോവ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. 6-4, 2-6, 6-4 എന്ന സ്‌കോറിനായിരുന്നു താരത്തിന്‍റെ വിജയം. രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ രണ്ടാം സീഡ് അരിന സബലെങ്ക (Aryna Sabalenka) ആറാം സീഡ് ഓന്‍സ് ജാബ്യൂറിനെയാണ് (Ons Jabeur) നേരിടുന്നത്. ഇന്ത്യന്‍ സമയം രാത്രി 7:15നാണ് മത്സരം ആരംഭിക്കുന്നത്.