ലണ്ടന്‍:വിംബിള്‍ഡണ്‍ (Wimbledon) വനിത സിംഗിള്‍സ് ഫൈനലിലേക്ക് മുന്നേറി മാര്‍ക്കേറ്റ വോണ്‍ഡ്രോസോവയും (Marketa Vondrousova) ഓന്‍സ് ജാബ്യൂറും (Ons Jabeur). വ്യാഴാഴ്‌ച (ജൂലൈ 13) നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ യുക്രൈന്‍ താരം എലീന സ്വിറ്റോലിനയെ (Elina Svitolina) പരാജയപ്പെടുത്തിയാണ് വോണ്‍ഡ്രോസോവ ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്. രണ്ടാം സീഡ് അരിന സബലെങ്കയെ (Aryna Sabalenka) തകര്‍ത്താണ് ടുണീഷ്യന്‍ താരം ഓന്‍സ് ജാബ്യൂറിന്‍റെ മുന്നേറ്റം.
എലീന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തര്‍ത്താണ് ചെക്ക് റിപ്പബ്ലിക്കിന്‍റെ വോണ്‍ഡ്രോസോവ കലാശപ്പോരാട്ടത്തില്‍ ഇടം കണ്ടെത്തിയത്. ഓപ്പണ്‍ യുഗത്തില്‍ വിംബിള്‍ഡണ്‍ വനിത സിംഗിള്‍സ് ഫൈനലിലേക്കെത്തുന്ന സീഡ് ചെയ്യപ്പെടാത്ത ആദ്യത്തെ താരമെന്ന നേട്ടവും ഇതോടെ സ്വന്തമാക്കാന്‍ വോണ്‍ഡ്രോസോവയ്‌ക്കായി. 1963ല്‍ ആയിരുന്നു സീഡ് ചെയ്യപ്പെടാത്ത ഒരു വനിത താരം വിംബിള്‍ഡണ്‍ ഫൈനലില്‍ കളിച്ചത്.
6-3, 6-3 എന്ന സ്‌കോറിനായിരുന്നു സെമിഫൈനല്‍ പോരാട്ടത്തില്‍ വോണ്‍ഡ്രോസോവ സ്വിറ്റോലിനയെ തോല്‍പ്പിച്ചത്. താരത്തിന്‍റെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്‌സ്ലാം ഫൈനലാണിത്. 2019ലെ ഫ്രഞ്ച് ഓപ്പണ്‍ റണ്ണര്‍ അപ്പാണ് വോണ്‍ഡ്രോസോവ.
മുന്‍ ലോക മൂന്നാം നമ്പര്‍ റാങ്കുകാരിയായ സ്വിറ്റോലിന ഒന്നാം സീഡ് ഇഗ സ്വിയടെക്കിനെ തോല്‍പ്പിച്ചായിരുന്നു സെമിയില്‍ ഇടം പിടിച്ചത്. വിക്‌ടോറിയ അസരെങ്ക, സോഫിയ കെനിൻ, മെർട്ടൻസ്, വീനസ് വില്യംസ് എന്നിവരുടെയെല്ലാം വഴിമുടക്കിയ സ്വിറ്റേലിനയ്‌ക്ക് സെമി ഫൈനലില്‍ കാലിടറി. ആദ്യ സെറ്റ് സ്വിറ്റോലിനയുടെ സെര്‍വുകള്‍ക്ക് തിരിച്ചടി നല്‍കിയ താരം രണ്ടാം സെറ്റും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.
രണ്ടാം സെമി ഫൈനലില്‍ അരിന സബലെങ്കയോട് പൊരുതിയാണ് ടുണീഷ്യയുടെ ഓന്‍സ് ജാബ്യൂര്‍ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 6-7 (5-7), 4-6, 3-6 എന്ന സ്‌കോറിനായിരുന്നു ജാബ്യൂറിന്‍റെ വിജയം. ആദ്യ സെറ്റ് നഷ്‌ടപ്പെട്ട ജാബ്യൂര്‍ അവസാന രണ്ട് സെറ്റും നേടിയാണ് മത്സരത്തില്‍ ജയം പിടിച്ചത്.
ജാബ്യൂറിന്‍റെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ ഫൈനലാണിത്. കഴിഞ്ഞ തവണ ഫൈനലിലെത്തിയ താരം എലേന റൈബാക്കിനയോട് പരാജയപ്പെടുകയായിരുന്നു. ഇപ്രാവശ്യം ക്വാര്‍ട്ടറില്‍ റൈബാക്കിനയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ജാബ്യൂര്‍ സെമിയിലേക്ക് മുന്നേറിയത്.
ആവേശപ്പോരാട്ടം കാണാന്‍ മോഹന്‍ലാലും: സെന്‍റര്‍ കോര്‍ട്ടില്‍ നടന്ന വിംബിള്‍ഡണ്‍ വനിത സിംഗിള്‍സ് സെമി ഫൈനല്‍ മത്സരം കാണാന്‍ മലയാളം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. മാര്‍ക്കേറ്റ വോണ്‍ഡ്രോസോവ എലീന സ്വിറ്റോലിന എന്നിവര്‍ തമ്മില്‍ പോരടിച്ച മത്സരം കാണാനായാണ് മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിനൊപ്പം ഡിസ്‌നി ഇന്ത്യ മേധാവി കെ മാധവനുമുണ്ടായിരുന്നു. സ്റ്റേഡിയത്തില്‍ നിന്നുള്ള സെല്‍ഫി ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
പുരുഷ ഫൈനലിസ്റ്റുകളെ ഇന്നറിയാം:വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നാണ് (ജൂലൈ 14) നടക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന ആദ്യ സെമിയില്‍ സ്‌പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെ നേരിടും. സെര്‍ബിയന്‍ താരം നൊവാക്ക് ജോക്കോവിച്ചും ഇറ്റാലിയന്‍ താരം ജാനിക് സിനറും തമ്മിലാണ് രണ്ടാം സെമി പോരാട്ടം.
Also Read :Novak Djokovic | ജോക്കോയുടെ ഷൂസില്‍ പ്രിന്‍റ് ചെയ്‌തത് കാല്‍ക്കീഴിലാക്കിയ ഗ്രാന്‍റ്സ്ലാം കിരീടങ്ങളുടെ എണ്ണമോ... 23 ഉം കടന്ന് 24ലേക്ക്