ലണ്ടന്‍:വിംബിള്‍ഡണ്‍ (Wimbledon) പുല്‍കോര്‍ട്ടിലെ പുതിയ രാജ്ഞിയായി മാറിയിരിക്കുകയാണ് ചെക്ക് താരം മര്‍ക്കേറ്റ വോണ്‍ഡ്രോസോവ (Marketa Vondrousova). വനിത സിംഗിള്‍സ് ഫൈനലില്‍ ടുണീഷ്യയുടെ ഓന്‍സ് ജാബ്യൂറിനെ (Ons Jabeur) തകര്‍ത്താണ് സീഡ് ചെയ്യപ്പെടാത്ത വോണ്‍ഡ്രോസോവ കരിയറിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം കിരീടം നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കലാശപ്പോരാട്ടത്തില്‍ ചെക്ക് താരത്തിന്‍റെ ജയം. സ്‌കോര്‍ : 6-4, 6-4
സീഡ് ചെയ്യപ്പെടാതെ വിംബിള്‍ഡണ്‍ വനിത ചാമ്പ്യന്‍ ആകുന്ന ആദ്യത്തെ താരം കൂടിയാണ് മര്‍ക്കേറ്റ വോണ്‍ഡ്രോസോവ. സെമി ഫൈനലില്‍ യുക്രൈന്‍ താരം എലിന സ്വിറ്റോലിനയെ തോല്‍പ്പിച്ചായിരുന്നു വോണ്‍ഡ്രോസോവ ഫൈനലിന് യോഗ്യത നേടിയത്. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയതും ടോക്കിയോ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടാന്‍ കഴിഞ്ഞതുമായിരുന്നു മുന്‍പ് താരത്തിന്‍റെ മികച്ച നേട്ടങ്ങള്‍.
കരിയറിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിക്കാനിറങ്ങിയതിന്‍റെ ആത്മവിശ്വാസക്കുറവ് ഒന്നുമില്ലാതെയായിരുന്നു വോണ്‍ഡ്രോസോവ കഴിഞ്ഞ ദിവസം ആറാം സീഡ് ഓന്‍സ് ജാബ്യൂറിനെ നേരിട്ടത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റ് കൂടിയായ ജാബ്യൂറിനെതിരെ തുടക്കം മുതൽ ആക്രമിച്ച് കളിക്കാനാണ് വോണ്‍ഡ്രോസോവ ശ്രമിച്ചത്.
പരിക്ക് വില്ലനായ കരിയര്‍, 2022ല്‍ ടൂറിസ്റ്റായി ലണ്ടനില്‍: പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വോണ്‍ഡ്രോസോവയ്‌ക്ക് വിംബിള്‍ഡണ്‍ നഷ്‌ടമായിരുന്നു. എങ്കിലും, അന്ന് ഒരു ടൂറിസ്റ്റായി ലണ്ടനിലേക്ക് എത്തിയ താരം തന്‍റെ പ്രിയ സുഹൃത്തായ സ്വീഡിഷ് താരം മിർജാം ബ്യോർക്ക്‌ലണ്ട് (Mirjam Bjorklund) കളിച്ച വിംബിള്‍ഡണ്‍ യോഗ്യത മത്സരങ്ങള്‍ കാണാന്‍ ഇംഗ്ലണ്ട് ക്ലബിലേക്കുമെത്തി. കൈത്തണ്ടയിലെ പരിക്കും തുടര്‍ന്ന് നടത്തിയ ശസ്‌ത്രക്രിയയും കാരണമാണ് താരത്തിന് കഴിഞ്ഞ പ്രാവശ്യം വിംബിള്‍ഡണ്‍ നഷ്‌ടമായത്.