ലണ്ടന്‍ : വിംബിൾഡൺ 2023 ടെന്നീസ് ടൂര്‍ണമെന്‍റില്‍ വിജയത്തുടക്കം കുറിച്ചിരിക്കുകയാണ് ഉക്രൈന്‍ താരമായ എലീന സ്വിറ്റോലിന. വനിത സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരത്തില്‍ അഞ്ച് തവണ ചാമ്പ്യനായ വീനസ് വില്യംസിനെയാണ് 28-കാരിയായ എലീന സ്വിറ്റോലിന പരാജയപ്പെടുത്തിയത്. സെന്‍റർ കോർട്ടിൽ നടന്ന വാശിയേറിയ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് സ്വിറ്റോലിന 43- കാരിയായ വീനസ് വില്യംസിനെ വീഴ്‌ത്തിയത്.
ആദ്യ സെറ്റ് 6-4 എന്ന സ്‌കോറിനും രണ്ടാം സെറ്റ് 6-3 എന്ന സ്‌കോറിനുമാണ് എലീന സ്വിറ്റോലിന നേടിയത്. അമേരിക്കന്‍ താരത്തിന്‍റെ നാല് സെര്‍വുകള്‍ ഭേദിച്ച് ക്ലിനിക്കൽ പ്രകടനമായിരുന്നു സ്വിറ്റോലിന നടത്തിയത്. ഇതോടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഏഴ് തവണ ഗ്രാൻഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള വീനസിനെതിരായ തന്‍റെ വിജയ റെക്കോഡ് 4-1 ആയി മെച്ചപ്പെടുത്താനും ഉക്രൈന്‍ താരത്തിന് കഴിഞ്ഞു.
അമ്മയാവാനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി ഫ്രഞ്ച് താരം ഗെയ്ൽ മോൺഫിൽസിന്‍റെ ഭാര്യയായ എലീന സ്വിറ്റോലിന വിംബിൾഡണിന്‍റെ കഴിഞ്ഞ പതിപ്പില്‍ പങ്കെടുത്തിരുന്നില്ല. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി എത്തുന്നതായി 2022- മെയ് മാസത്തിലാണ് എലീന സ്വിറ്റോലിന-ഗെയ്ൽ മോൺഫിൽസ് ദമ്പതികള്‍ ആരാധകരെ അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒക്‌ടോബറിലാണ് എലീന സ്വിറ്റോലിന ഒരു പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
സ്‌കായ് മോൺഫിൽസ് എന്നാണ് കുഞ്ഞിന്‍റെ പേരെന്നും താര ദമ്പതികള്‍ അറിയിച്ചിരുന്നു. ഇതോടെ ഇനി എന്നാവും എലീന സ്വിറ്റോലിന ടെന്നീസിലേക്ക് മടങ്ങിയെത്തുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കിയത്. ഇതിനുള്ള മറുപടി മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജനുവരിയിൽ പരിശീലനത്തിലേക്ക് മടങ്ങിയെത്തിക്കൊണ്ടാണ് ഉക്രൈന്‍ താരം ആരാധകര്‍ക്ക് നല്‍കിയത്.