ലണ്ടൻ :വിംബിൾഡണ്‍ ടെന്നിസിൽ നിലവിലെ ചാമ്പ്യൻമാരായ നൊവാക് ജോക്കോവിച്ചിനും (Jnovak Djokovic) എലേന റൈബാകിനയും (Elena Rybakina) സൂപ്പർ താരം ഡാനിൽ മെദ്‌വദേവും (Daniil Medvedev) ക്വാർട്ടറിൽ പ്രവേശിച്ചു. മെദ്‌വെദേവും റൈബാകിനയും വാക്കോവറിലൂടെ ക്വാർട്ടറിലെത്തിയപ്പോൾ ജോക്കോവിച്ച് പോളിഷ് താരം ഹുബർട്ട് ഹുർകാച്ചിനെ 3-1 ന് പരാജയപ്പെടുത്തുകയായിരുന്നു. അതേസമയം ലോക അഞ്ചാം നമ്പർ താരമായ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് അട്ടിമറിയിലൂടെ പുറത്തായി.
വിംബിൾഡണിലെ നൂറാം മത്സരത്തിനിറങ്ങിയ ജോക്കോവിച്ച് വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഹുബർട്ട് ഹുർകാച്ചിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ വിംബിൾഡണിൽ തുടർച്ചയായ 32-ാം ജയവും 14-ാം ക്വാർട്ടർ പ്രവേശനവുമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ആദ്യ രണ്ട് സെറ്റുകൾ കടുത്ത മത്സരത്തിനൊടുവിലാണ് ജോക്കോവിച്ച് വിജയിച്ച് കയറിയത്.
പക്ഷേ മൂന്നാം സെറ്റിൽ ഗംഭീര തിരിച്ചുവരവ് നടത്തി ഹുർകാച്ച് വിജയം പിടിച്ചെടുത്തു. എന്നാൽ നാലാം സെറ്റിൽ തകർപ്പൻ മുന്നേറ്റം നടത്തി ജോക്കോ ക്വാർട്ടർ പ്രവേശനം രാജകീയമാക്കുകയായിരുന്നു. സ്‌കോർ : 7-6(6), 7-6(6), 5-7, 6-4. ക്വാർട്ടർ ഫൈനലിൽ നൊവാക് ജോക്കോവിച്ച് ലോക ഏഴാം നമ്പര്‍ ആന്ദ്രേ റൂബ്ലെവിനെ നേരിടും.
ചെക്ക് റിപ്പബ്ലിക്കൻ താരമായ ജിരി ലെഹെക്കയെയാണ് മെദ്‌വദേവ് പ്രീ ക്വാർട്ടറിൽ നേരിട്ടത്. എന്നാൽ മത്സരത്തിന്‍റെ മൂന്നാം സെറ്റിൽ ലെഹെക്കയ പരിക്കേറ്റ് പിൻമാറുകയായിരുന്നു. ഈ സമയം 6-4, 6-2 എന്ന സ്‌കോറിന് ബഹുദൂരം മുന്നിലായിരുന്നു മെദ്‌വദേവ്. ഇതോടെ മെദ്‌വദേവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതാദ്യമായാണ് മെദ്‌വെദേവ് വിംബിൾഡണിന്‍റെ ക്വാർട്ടറിൽ പ്രവേശിക്കുന്നത്.