ലണ്ടന്‍ :വിംബിള്‍ഡണ്‍ (Wimbledon) ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ അവേശപ്പോരില്‍ നൊവാക് ജോക്കോവിച്ചിനെ വീഴ്‌ത്തി കാര്‍ലോസ് അല്‍കാരസ് (Carlos Alcaraz) വിജയിയായിരുന്നു. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ അഞ്ച് സെറ്റ് ത്രില്ലറിലാണ് 30-കാരനായ ജോക്കോയെ 20-കാരനായ അല്‍കാരസ് വീഴ്‌ത്തിയത്. വിംബിൾഡണിന്‍റെ പുല്‍ മൈതാനത്ത് തന്‍റെ എട്ടാം കിരീടം ലക്ഷ്യം വച്ച് എത്തിയ 23 തവണ ഗ്രാൻഡ് സ്ലാം നേടിയ ജോക്കോയെ നാലേ മുക്കാൽ മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്‌പാനിഷ് താരം അല്‍കാരസ് തോല്‍പ്പിച്ചത്.
തോല്‍വിയില്‍ ഏറെ നിരാശയുണ്ടെങ്കിലും അല്‍കാരസ് വിജയം അര്‍ഹിച്ചിരുന്നതായാണ് മത്സരത്തിന് ശേഷം നൊവാക് ജോക്കോവിച്ച് പ്രതികരിച്ചത്. ''വിജയം നേടാന്‍ എനിക്കും അവസരങ്ങളുണ്ടായിരുന്നു. രണ്ടാം സെറ്റ് ടൈബ്രേക്കർ മികച്ച രീതിയിൽ അവസാനിപ്പിക്കാമായിരുന്നുവെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ മികച്ച രീതിയില്‍ പോരാടിയതിനും അവിശ്വസനീയമായ പ്രതിരോധത്തിനും മികച്ച ഷോട്ടുകള്‍ പുറത്തെടുത്തതിനും തീര്‍ച്ചയായും അവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഈ വിജയം തീര്‍ച്ചയായും അവന്‍ അര്‍ഹിക്കുന്നതായിരുന്നു''- നൊവാക് ജോക്കോവിച്ച് പറഞ്ഞു.
സെന്‍റര്‍ കോര്‍ട്ടില്‍ ആദ്യ സെറ്റ് 1-6 എന്ന സ്‌കോറിന് അനായാസം സ്വന്തമാക്കിയ ജോക്കോ അല്‍കാരസിനെ നിഷ്‌പ്രഭനാക്കി. ഇതോടെ സെർബിയൻ താരത്തിന് മുന്നില്‍ അടിപതറുന്ന മറ്റ് എതിരാളികളുടെ വിധി തന്നെയാണ് സ്‌പാനിഷ് താരത്തെ കാത്തിരിക്കുന്നതെന്നാണ് കാണികള്‍ കരുതിയത്. എന്നാല്‍ അല്‍കാരസിന്‍റെ വമ്പന്‍ തിരിച്ചുവരവിനാണ് പിന്നീട് സെന്‍റര്‍ കോര്‍ട്ട് സാക്ഷിയായത്.
ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് കടുത്ത പോരാട്ടത്തിനൊടുവില്‍ സ്വന്തമാക്കിക്കൊണ്ട് ലോക ഒന്നാം നമ്പറായ അല്‍കാരസ് തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ അല്‍കാരസിന്‍റെ ആധിപത്യമായിരുന്നു കാണാന്‍ കഴിഞ്ഞത്. ആദ്യ സെറ്റ് 6-1ന് നേടിയ ജോക്കോയ്‌ക്ക് അതേ സ്‌കോറില്‍ തന്നെയായിരുന്നു അല്‍കാരസിന്‍റെ മറുപടി വന്നത്.