കേരളം

kerala

ETV Bharat / sports

Wimbledon 2023 | ജോക്കോവിച്ചിന് അടിതെറ്റി, പുല്‍ക്കോര്‍ട്ടിലെ പുതിയ രാജാവായി കാര്‍ലോസ് അല്‍കാരസ്; രണ്ടാം ഗ്രാന്‍ഡ്‌സ്ലാം കിരീടം

മുന്‍ ചാമ്പ്യനായ നൊവാക് ജോക്കോവിച്ചിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരസ് പരാജയപ്പെടുത്തിയത്.

Wimbledon 2023  Carlos Alcaraz  Novak Djokovic  Wimbledon 2023 Champion  Wimbledon  Carlos Alcaraz vs Novak Djokovic  Carlos Alcaraz Wimbledon 2023  കാര്‍ലോസ് അല്‍ക്കാരസ്  നൊവാക്ക് ജോക്കോവിച്ച്  വിംബിള്‍ഡണ്‍  വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനല്‍
Carlos Alcaraz

By

Published : Jul 17, 2023, 6:37 AM IST

Updated : Jul 17, 2023, 7:37 AM IST

ലണ്ടന്‍: വിംബിള്‍ഡണ്‍ (Wimbledon) പുരുഷ സിംഗിള്‍സ് കിരീടത്തിന്‍റെ പുതിയ അവകാശിയായി കാര്‍ലോസ് അല്‍കാരസ് (Carlos Alcaraz). നിലവിലെ ചാമ്പ്യന്‍ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ (Novak Djokovic) തകര്‍ത്താണ് സ്‌പാനിഷ് താരം പുല്‍കോര്‍ട്ടിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം കിരീടം നേടിയെടുത്തത്. അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരട്ടത്തിനൊടുവിലാണ് ലോക ഒന്നാം നമ്പര്‍ താരമായ അല്‍കാരസ് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 1-6, 7-6 (8-6), 6-1, 3-6, 6-4

സ്‌പാനിഷ് താരം അല്‍കാരസിന്‍റെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്‌സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണ്‍ കിരീടം അല്‍കാരസ് സ്വന്തമാക്കിയിരുന്നു.

24-ാം ഗ്രാന്‍ഡ്‌സ്ലാം കിരീടം ലക്ഷ്യമിട്ടായിരുന്നു നൊവാക്ക് ജോക്കോവിച്ച് സെന്‍റര്‍ കോര്‍ട്ടിലിറങ്ങിയത്. ഈ നയം വ്യക്തമാക്കുന്നതായിരുന്നു ആദ്യ സെറ്റ്. 34 മിനുട്ട് നീണ്ടുനിന്ന ഒന്നാം സെറ്റില്‍ 20 കാരനെ കാഴ്‌ചക്കാരനാക്കി സെര്‍ബിയയുടെ 36കാരന്‍ കളിപിടിച്ചു.

കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍ പയറ്റിയ അതേ തന്ത്രം തന്നെ ജോക്കോവിച്ച് വീണ്ടും ആവര്‍ത്തിച്ചു. ഇതിന്‍റെ ഫലമായി ഒന്നാം സെറ്റ് 1-6 എന്ന സ്‌കോറിന് അനായാസം നേടിയെടുക്കാന്‍ താരത്തിനായി. ലോക ഒന്നാം നമ്പര്‍ താരത്തിന് മേല്‍ ജോക്കോവിച്ച് വീണ്ടുമൊരിക്കല്‍ കൂടി ആധിപത്യം സ്ഥാപിക്കുമെന്ന് തോന്നിപ്പിച്ചു.

അല്‍കാരസും മത്സരത്തില്‍ തിരിച്ചടിച്ചതോടെ രണ്ടാം സെറ്റില്‍ കളിമാറി. ഒടുവില്‍ ടൈബ്രേക്കറിലേക്കും സെറ്റ് നീണ്ടു. ടൈബ്രേക്കറിലും ഇരു താരങ്ങളും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ 8-6 എന്ന സ്‌കോറിന് സെറ്റ് സ്വന്തമാക്കി മത്സരത്തിലേക്കുള്ള തിരിച്ചുവരവിനായി സ്‌പാനിഷ് താരം അടിത്തറ പാകി.

മൂന്നാം സെറ്റില്‍ അല്‍കാരസിന്‍റെ ആധിപത്യമായിരുന്നു കണ്ടത്. 25 മിനിട്ട് മാത്രം നീണ്ടു നിന്ന പോരാട്ടത്തില്‍ സ്‌പാനിഷ് താരത്തിന് മുന്നില്‍ ജോക്കോവിച്ച് നിഷ്‌ഭ്രമനായിപ്പോയി. 6-1 എന്ന സ്‌കോറിനായിരുന്നു ഈ സെറ്റ് അല്‍കാരസ് സ്വന്തമാക്കിയത്.

ജോക്കോവിച്ചിന്‍റെ തിരിച്ചുവരവാണ് നാലാം സെറ്റില്‍ കണ്ടത്. 6-3 എന്ന സ്‌കോറിനാണ് ജോക്കോ നാലാം സെറ്റ് പിടിച്ചെടുത്തത്. ഇതോടെ മത്സരം നിർണായകമായ അവസാന സെറ്റിലേക്ക് നീണ്ടു.

അഞ്ചാം സെറ്റിന്‍റെ തുടക്കത്തില്‍ തന്നെ ജോക്കോവിച്ചിന്‍റെ സെര്‍വ് ബ്രേക്ക് ചെയ്യാന്‍ കാര്‍ലോസ് അല്‍കാരസിന് സാധിച്ചിരുന്നു. സമ്മര്‍ദത്തിലാകാതെയായിരുന്നു അല്‍കാരസ് അവസാന സെറ്റില്‍ കളിച്ചത്. വിംബിള്‍ഡണ്‍ ഫൈനലിലെ ജയത്തോടെ ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ഇരുപതുകാരനായ സ്‌പാനിഷ് താരത്തിന് സാധിച്ചു.

മുപ്പത്തിയാറുകാരനായ ജോക്കോവിച്ചിന്‍റെ കരിയറിലെ മുപ്പത്തിയഞ്ചാം മേജര്‍ ഫൈനല്‍ ആയിരുന്നുവിത്. അല്‍കാരസിനെതിരെ ജയം പിടിക്കാന്‍ ആയിരുന്നെങ്കില്‍ ഓപ്പണ്‍ യുഗത്തിൽ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമായും ജോക്കോവിച്ചിന് മാറാന്‍ സാധിക്കുമായിരുന്നു.

ചാമ്പ്യന്‍ മര്‍ക്കേറ്റ വോണ്‍ഡ്രോസോവ:വിംബിള്‍ഡണ്‍ വനിത സിംഗിള്‍സ് ചാമ്പ്യനായി ചെക്ക് റിപ്പബ്ലിക്ക് താരം മര്‍ക്കേറ്റ വോണ്‍ഡ്രോസോവ. ഫൈനലില്‍ ടുണീഷ്യന്‍ താരം ഓന്‍സ് ജാബ്യൂറിനെ തോല്‍പ്പിച്ചാണ് വോണ്‍ഡ്രോസോവ ആദ്യ ഗ്രാന്‍ഡ്‌സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. 6-4, 6-4 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്ക് ജാബ്യൂറിനെ തോല്‍പ്പിച്ച വോണ്‍ഡ്രോസോവ, സീഡ് ചെയ്യപ്പെടാതെ വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യ വനിത താരം കൂടിയാണ്.

More Read :Wimbledon 2023 | കഴിഞ്ഞ വര്‍ഷം ടൂറിസ്റ്റായി ലണ്ടനില്‍, ഇത്തവണ 'ചാമ്പ്യന്‍'; പുല്‍കോര്‍ട്ടിലെ രാജ്ഞിയായി മര്‍ക്കേറ്റ വോണ്‍ഡ്രോസോവ

Last Updated : Jul 17, 2023, 7:37 AM IST

ABOUT THE AUTHOR

...view details