ലണ്ടൻ:വിംബിള്‍ഡണ്‍ വനിത സിംഗിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ പോളണ്ടിന്‍റെ ഇഗ ഷ്വാംടെക് രണ്ടാം റൗണ്ടില്‍ എത്തി. ആദ്യ റൗണ്ടിൽ ക്രൊയേഷ്യയുടെ ജാന ഫെറ്റിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് ഇഗയുടെ മുന്നേറ്റം. സ്‌കോര്‍: 6-0, 6-3. സിംഗിള്‍സ് മത്സരങ്ങളില്‍ ഇഗയുടെ തുടര്‍ച്ചയായ 36-ാം ജയമാണിത്.
ഫ്രഞ്ച് ഓപ്പൺ നേടിയ പെരുമയുമായാണ് ഇഗ വിംബിൾഡണിന് എത്തിയത്. ലോക ഒന്നാം നമ്പറുകാരിക്ക് മുന്‍പിൽ യോഗ്യത കളിച്ചെത്തിയ ഫെറ്റിന് പിടിച്ചുനിൽക്കാനായില്ല. ഒന്നാം സെറ്റിൽ എതിർപ്പുകളൊന്നുമില്ലാതെ കീഴടങ്ങി. രണ്ടാം സെറ്റിൽ പൊരുതി നോക്കിയെങ്കിലും ഒരു മണിക്കൂറും 15 മിനിറ്റും കൊണ്ട് കളി തീർന്നു. രണ്ടാം റൗണ്ടിൽ നെതർലൻഡുകാരി ലെസ്‌ലി പറ്റിനാമ കെർകൊവേയാണ് ഇഗയുടെ എതിരാളി. മൂന്നാം ഗ്രാൻഡ് സ്ലാമാണ് പോളണ്ടുകാരിയുടെ ലക്ഷ്യം. ആദ്യ വിംബിൾഡണും.
വിയർത്ത് ജയിച്ച് കോക്കോ ഗോഫ്; ആദ്യ റൗണ്ടിൽ റൊമാനിയയുടെ എലേന ഗബ്രിയേലയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് അമേരിക്കൻ യുവതാരം രണ്ടാം റൗണ്ടിൽ കടന്നത്. ആദ്യ സെറ്റ് നഷ്‌ടമായ ശേഷം ശക്‌തമായ തിരിച്ചുവരവ് നടത്തിയ ഗോഫ് അടുത്ത രണ്ട് സെറ്റുകള്‍ നേടിയെടുത്താണ് ജയം ഉറപ്പിച്ചത്. സ്‌കോര്‍ 2-6, 6-3, 7-5.