ബേയ് ഓവൽ:വനിത ലോകകപ്പിന്‍റെ ഉദ്‌ഘാടന മത്സരത്തിൽ ന്യൂസിലൻഡിനെ അട്ടിമറിച്ച് വെസ്റ്റ് ഇൻഡീസ്. വിജയത്തിലേക്കടുത്ത കിവീസിനെ അവസാന ഓവറിലെ അവിശ്വസനീയ പ്രകടനത്തിലൂടെയാണ് വിൻഡീസ് തകർത്തത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ഹെയ്‌ലി മാത്യൂസാണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് ഓപ്പണർ ഹെയ്‌ലി മാത്യൂസിന്‍റെ(119) സെഞ്ച്വറി മികവിലാണ് ഒൻപത് വിക്കറ്റിൽ 259 റണ്‍സ് എന്ന സ്കോറിലേക്കെത്തിയത്. ക്യാപ്‌റ്റൻ സ്റ്റെഫിനി ടെയ്‌ലർ(30), ചിഡ്യാൻ നേഷൻ(36) എന്നിവരും ഹെയ്‌ലിക്ക് മികച്ച പിന്തുണ നൽകി. കിവീസിനായി ലിയ തഹൂഹുയ മൂന്ന് വിക്കറ്റും ജെസ്സ് കെർ രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ക്യാപ്‌റ്റൻ സോഫി ഡിവൈന്‍റെ (108) സെഞ്ച്വറി മികവിൽ മത്സരത്തിൽ മുന്നേറി. ഇടയ്‌ക്ക് വിക്കറ്റുകൾ കൂട്ടമായി പൊഴിഞ്ഞെങ്കിലും വാലറ്റത്ത് വിക്കറ്റ് കീപ്പർ കെയ്‌റ്റി മാർട്ടിൻ(44), ആമി സാറ്റർവൈറ്റ്(31) എന്നിവരും തകർത്തടിച്ചു. ഇതോടെ കിവീസ് അനായാസം വിജയം നേടുമെന്ന സ്ഥിതിയിലേക്ക് മത്സരമെത്തി. അവസാന ഓവറിൽ കിവീസിന് മൂന്ന് വിക്കറ്റുകൾ ശേഷിക്കെ ഏഴ് റണ്‍സ് മാത്രമായിരുന്നു വിജയ ലക്ഷ്യം.
ALSO READ:അടുത്ത ലക്ഷ്യം ലോക ചാമ്പ്യൻഷിപ്പ്: നിതു ഗംഗാസ് മനസ് തുറക്കുന്നു
എന്നാൽ അവസാന ഓവർ ബോൾ ചെയ്യാനെത്തിയ ഡിയാൻഡ്ര ഡോട്ട് കളിയുടെ ഗതി മാറ്റിമാറിച്ചു. അവസാന ഓവറിൽ രണ്ട് റണ്‍സ് മാത്രമാണ് കിവീസിന് നേടാനായത്. ഓവറിലെ രണ്ടാമത്തെയും നാലാമത്തെ പന്തുകളിൽ ഡിയാൻഡ്ര രണ്ട് വിക്കറ്റ് നേടി. അഞ്ചാമത്തെ പന്തിൽ ഫ്രാൻ ജോനാസ് റണ്‍ ഔട്ട് ആയതോടെ മത്സരം വിൻഡീസ് പിടിച്ചെടുക്കുകയായിരുന്നു.