ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം മാത്രമല്ല ഇത്തവണ ആവേശം വിതയ്ക്കുന്നത്. ടോപ് ഫോറും യൂറോപ്പ ലീഗ് യോഗ്യതയും റിലഗേഷനുമെല്ലാം ഈ സീസണിൽ അത്യന്തം ആവേശമുയര്‍ത്തുന്നതാണ്. ആറ് ടീമുകള്‍ക്ക് രണ്ട് മത്സരങ്ങളും പകുതിയിലധികം ടീമുകൾക്ക് ഒരു മത്സരവും മാത്രവുമാണ് ബാക്കിയുള്ളത്. ഇതോടെ അന്തിമ ചിത്രം തെളിയും.
സന്തോഷക്കിരീടം ആർക്ക്..? : കിരീടപ്പോരാട്ടത്തിൽ മുൻപന്തിയിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. 37 മത്സരങ്ങളിൽ 90 പോയിന്റുമായി സിറ്റി ഒന്നാമതും അത്രയും മത്സരത്തിൽ നിന്നും 89 പോയിന്‍റുമായി ലിവർപൂൾ രണ്ടാമതും നിൽക്കുന്നു. അവസാന മത്സരത്തിൽ ലിവർപൂൾ അട്ടിമറി വീരന്‍മാരായ വോള്‍വ്‌സിനെ നേരിടുമ്പോൾ സിറ്റിയുടെ എതിരാളികൾ മുൻ ലിവർപൂൾ താരം സ്‌റ്റീവൻ ജെറാർഡിന് കീഴിലിറങ്ങുന്ന ആസ്റ്റണ്‍ വില്ലയാണ്.
ഇരുടീമുകളും അവസാന മത്സരത്തില്‍ ജയിച്ചാല്‍ ഒരു പോയിന്‍റ് ലീഡില്‍ സിറ്റി കിരീടം നിലനിർത്തും. അവസാന മത്സരങ്ങളില്‍ ലിവര്‍പൂള്‍ തോറ്റാലും നാല് പോയിന്‍റിന്‍റെ ലീഡില്‍ സിറ്റിക്ക് തന്നെ കിരീടം. അവസാന മത്സരത്തില്‍ സിറ്റി വില്ലയോട് തോൽക്കുകയും ലിവർപൂൾ വോള്‍വ്‌സിനെ മറികടക്കുകയും ചെയ്‌താൽ കിരീടം ആൻഫീൽഡിലെത്തും.
ടോപ് ഫോറിൽ ആരൊക്കെ..? : സിറ്റിക്കും ലിവർപൂളിനും പിന്നിൽ ചെല്‍സി മൂന്നാം സ്ഥാനം ഏകദേശം ഉറപ്പിച്ചതാണ്. ലീഗിൽ രണ്ട് മത്സരം ശേഷിക്കുന്ന ചെല്‍സിക്ക് നിലവില്‍ 70 പോയിന്‍റുണ്ട്. ലെസ്റ്റര്‍ സിറ്റി, വാറ്റ്‌ഫോർഡ് എന്നിവർക്കെതിരായ രണ്ടില്‍ ഒരു മത്സരം ജയിച്ചാല്‍ തന്നെ 'ബ്ലൂസി'ന് ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാം.
അവസാന ചാംമ്പ്യൻസ് ലീഗ് സ്‌പോട്ടായ നാലാം സ്ഥാനത്തിനായി ചിരവൈരികളായ ടോട്ടന്‍ഹാമും ആഴ്‌സണലും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഒരു മത്സരം ബാക്കി നില്‍ക്കെ 68 പോയിന്റുമായി ടോട്ടന്‍ഹാം നാലാമതും 66 പോയിന്‍റുമായി ആഴ്‌സണൽ അഞ്ചാമതുമാണ്. ലീഗിൽ നേരത്തെ തരംതാഴ്‌ത്തപ്പെട്ട നോര്‍വിച്ച് സിറ്റിയാണ് അവസാന മത്സരത്തിൽ സ്‌പേഴ്‌സിന്‍റെ എതിരാളികൾ. നോര്‍വിച്ചിനെതിരേ അനായാസ ജയവുമായി ടോട്ടന്‍ഹാം ടോപ് ഫോറില്‍ നിലയുറപ്പിക്കാനാണ് സാധ്യത.