ന്യൂല്‍ഹി: റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ അന്വേഷിക്കുന്ന അഞ്ചംഗ മേൽനോട്ട സമിതിയെ ബോക്‌സിങ് ഇതിഹാസം എംസി മേരി കോം നയിക്കും. ഡബ്ല്യുഎഫ്‌ഐയുടെ അടുത്ത ഒരു മാസത്തേക്കുള്ള ദൈനംദിന കാര്യങ്ങളും ഈ സമിതിയുടെ മേല്‍ നോട്ടത്തിലാണ് നടക്കുക. കായിക മന്ത്രി അനുരാഗ് താക്കൂറാണ് സമിതിയുടെ പ്രഖ്യാപനം നടത്തിയത്.
റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്‌ക്ക് മേല്‍നോട്ട സമിതി; മേരി കോം അധ്യക്ഷ - അനുരാഗ് താക്കൂര്‍
റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിന് അഞ്ചംഗ സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍.
റസ്‌ലര്‍ യോഗേശ്വർ ദത്ത്, ബാഡ്‌മിന്‍റൺ മുന്‍ താരവും മിഷൻ ഒളിമ്പിക് സെൽ അംഗവുമായ തൃപ്‌തി മുർഗുണ്ടെ, ടോപ്‌സ് സിഇഒ രാജഗോപാലൻ, സായ് മുൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രാധിക ശ്രീമാൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ ശരൺ സിങ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലൈംഗിക പീഡനാരോപണങ്ങളടക്കം ഉന്നയിച്ച് പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ സമരം നടത്തിയതിന് പിന്നാലെയാണ് ഫെഡറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ കമ്മറ്റിയെ നിയോഗിച്ചത്.
വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്‍റ് പിടി ഉഷയ്‌ക്ക് താരങ്ങള്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, രവി ദഹിയ, ദീപക് പുനിയ എന്നിവരാണ് പരാതിയില്‍ ഒപ്പുവച്ചിരിക്കുന്നത്. ബ്രിജ് ഭൂഷൺ രാജിവയ്‌ക്കണമെന്നും ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇടപെടലുണ്ടായതോടെ ജനുവരി 18 ആരംഭിച്ച സമരം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് താരങ്ങള്‍ അവസാനിപ്പിച്ചത്.