പ്രാഗ് : യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡ്. ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഇറ്റാലിയൻ ക്ലബ് ഫിയോറന്‍റീനയെ തോൽപ്പിച്ചാണ് വെസ്‌റ്റ്ഹാമിന്‍റെ കിരീടധാരണം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലീഷ് ക്ലബിന്‍റെ വിജയം. വെസ്റ്റ്‌ഹാമിനായി ബെൻറഹ്മ, ജറോഡ് ബോവൻ എന്നിവർ ഗോളുകൾ നേടിയപ്പോൾ ബൊനവെഞ്ചുറയാണ് ഇറ്റാലിയൻ ടീമിന്‍റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
മത്സരത്തിന്‍റെ 62-ാം മിനിറ്റിൽ ബെൻറഹ്മ നേടിയ പെനാൽറ്റി ഗോളിൽ വെസ്റ്റ്ഹാമാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ഹാമേഴ്‌സിന്‍റെ ലീഡിന് വെറും അഞ്ച് മിനിറ്റിന്‍റെ ആയുസ് മാത്രമാണുണ്ടായത്. ഗോൾ വഴങ്ങിയതോടെ കൂടുതൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയ ഫിയോറന്‍റീന ജിയാകോമോ ബൊനവെഞ്ചുറയിലൂടെ സമനില ഗോൾ കണ്ടെത്തി. പിന്നീട് ഇരുടീമുകളും ഗോളുകളൊന്നും നേടാതിരുന്നതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ച സമയത്താണ് വെസ്റ്റ്‌ഹാം വിജയഗോൾ നേടിയത്.
90-ാം മിനിറ്റിൽ ജറോഡ് ബോവനാണ് വിജയഗോൾ നേടിയത്. ബ്രസീലിയൻ താരം പക്വോറ്റ നൽകിയ പാസിൽ നിന്നാണ് ബോവൻ ചരിത്രത്തിലേക്ക് പന്തടിച്ച് കയറ്റിയത്. ഈ ജയത്തോടെ അടുത്ത സീസണിലെ യൂറോപ്പ ലീഗിലേക്കും വെസ്റ്റ്‌ഹാം യോഗ്യത നേടി. പ്രീമിയർ ലീഗിൽ 14-ാം സ്ഥാനത്ത് മാത്രം പൂർത്തിയാക്കാനായ ഹാമേഴ്‌സ് കോൺഫറൻസ് ലീഗിൽ ഒരു മത്സരത്തിൽ പോലും തോൽവിയറിയാതെയാണ് കിരീടത്തിലെത്തിയത്.