കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ തള്ളി മാറ്റി ഫോട്ടോയില്‍ നില്‍ക്കാന്‍ ശ്രമിച്ച ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേശനെതിരെ കടുത്ത വിമര്‍ശനം. ലാ ഗണേശന്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഞായറാഴ്‌ച നടന്ന ഫൈനലില്‍ മുംബൈ സിറ്റിയെ തോല്‍പ്പിച്ച് ബെംഗളൂരു എഫ്‌സി കിരീടം നേടിയിരുന്നു. വിജയികള്‍ക്ക് ട്രോഫി നല്‍കാന്‍ ഗവര്‍ണര്‍ ലാ ഗണേശനാണ് എത്തിയിരുന്നത്. ഗവര്‍ണറുടെ മുന്നില്‍ നിന്നായിരുന്നു ബെംഗളൂരുവിന്‍റെ നായകനായ ഛേത്രി ട്രോഫിയേറ്റുവാങ്ങിയത്.
തുടര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഛേത്രിയുടെ തോളില്‍ പിടിച്ച് പിന്നിലേക്ക് തള്ളിയ ലാ ഗണേശന്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനോടും ഛേത്രിയോടും ഗവര്‍ണര്‍ മാപ്പ് പറയണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം മുംബൈ സിറ്റിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെംഗളൂരു ജയം നേടിയത്. ശിവശക്തി, അലൻ കോസ്റ്റ എന്നിവരാണ് ബെംഗളൂരുവിന്‍റെ വിജയ ഗോള്‍ നേടിയത്. ഇന്ത്യന്‍ ഫുട്‌ബോളില്‍ ബെംഗളൂരു എഫ്‌സിയുടെ ഏഴാം കിരീടമാണിത്. രണ്ട് ഐ ലീഗ് കിരീടങ്ങളും ഒരു ഐഎസ്എല്‍ കിരീടവും, ഒരു സൂപ്പര്‍ കപ്പും ഇതിനു മുൻപ് ബെംഗളൂരു സ്വന്തമാക്കിയിട്ടുണ്ട്.