ഭുവനേശ്വര്‍: ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് ഫുട്‌ബോളിന്‍റെ ഫൈനലില്‍ ലെബനനെ തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്മാരായിരുന്നു. ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ഇന്‍റർകോണ്ടിനെന്‍റൽ കപ്പിന്‍റെ കലാശപ്പോരില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ആതിഥേയരായ ഇന്ത്യ ലെബനനെ തോല്‍പ്പിച്ചത്. നായകൻ സുനിൽ ഛേത്രി, ലാല്യൻസ്വാല ചാങ്‌തെ എന്നിവരാണ് ഇന്ത്യയ്‌ക്കായി ഗോളടിച്ചത്. മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ആയിരുന്നു ഇന്ത്യ ലെബനന് ഇരട്ട പ്രഹരം നല്‍കിയത്.
പതിഞ്ഞ തുടക്കത്തിന് ശേഷം ഇന്ത്യ മിന്നാലട്ടങ്ങളും ലെബനന്‍ ചില പ്രത്യാക്രമണങ്ങളും നടത്തിയിരുന്നുവെങ്കിലും ഗോള്‍ ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു. ഒടുവില്‍ 46-ാം മിനിട്ടില്‍ നായകന്‍ സുനില്‍ ഛേത്രിയിലൂടെയാണ് ഇന്ത്യ തങ്ങളുടെ ഗോള്‍ പട്ടിക തുറന്നത്. ഛേത്രിയുടെ ഗോളിന്‍റെ അസിസ്‌റ്റ് ലാല്യൻസ്വാല ചാങ്‌തെ ആയിരുന്നുവെങ്കിലും നിഖില്‍ പൂജാരിയ്‌ക്കാണ് ഈ ഗോളിന്‍റെ ക്രെഡിറ്റ് അവകാശപ്പെട്ടത്. കാരണം താരത്തിന്‍റെ ഒരു പൊളിപ്പന്‍ ബാക്ക്‌ഹീല്‍ നട്‌മെഗില്‍ നിന്നായിരുന്നു ഈ ഗോള്‍ പിറന്നത്.
ടച്ച്‌ലൈനിനടുത്ത് നിന്നും നിഖിൽ പൂജാരിയ്‌ക്ക് വലത് വിങ്ങിലേക്ക് പന്ത് നല്‍കിയ ചാങ്‌തെ ലെബനന്‍ ബോക്‌സിനടുത്തേക്ക് കുതിച്ചു. തന്‍റെ തൊട്ടടുത്തുണ്ടായിരുന്ന ലെബനന്‍ പ്രതിരോധ താരത്തിന്‍റെ കാലുകള്‍ക്ക് ഇടയിലൂടെ ബാക്ക്‌ഹീല്‍ നട്‌മെഗ് വഴി ഈ പന്ത് അതിശയകരമായി നിഖിൽ പൂജാരി ചാങ്‌തെയ്‌ക്ക് തന്നെ മടക്കി നല്‍കി. തുടര്‍ന്ന് ബോക്‌സിനുള്ളിലേക്ക് കയറിയ താരം നല്‍കിയ പാസില്‍ നിന്നും പോയിന്‍റ് -ബ്ലാങ്ക് റേഞ്ചിൽ നിന്നും നിറയൊഴിക്കേണ്ട കാര്യം മാത്രമേ ഛേത്രിക്ക് ഉണ്ടായിരുന്നുള്ളു.
ഇന്ത്യന്‍ ക്യാപ്റ്റന്‍റെ അന്താരാഷ്‌ട്ര കരിയറിലെ 87-ാം ഗോളാണിത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പിന്നാലെ 66-ാം മിനിട്ടിലാണ് ചാങ്തെയിലൂടെ ഇന്ത്യ ലീഡ് ഉയര്‍ത്തിയത്. മുംബൈ സിറ്റി വിങ്ങറുടെ കിടുക്കാച്ചി ഇടങ്കാലന്‍ ഷോട്ട് ലെബനൻ ഗോളിയെ നിഷ്‌പ്രഭനാക്കിയാണ് വല കുലുക്കിയത്. ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയ പ്രകടനത്തോടെ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെടാനും ലാല്യൻസ്വാല ചാങ്‌തെയ്‌ക്ക് കഴിഞ്ഞു.