ന്യൂഡല്‍ഹി:ഇടിക്കൂട്ടിന് പുറത്തുപോലും തീ പാറിയ പോരാട്ടം നടത്തിയ ശേഷം എതിരാളിക്ക് കൈ കൊടുക്കാന്‍ വിസമ്മതിച്ച് ബോക്‌സിങ്ങിലെ ലോക ചാമ്പ്യന്‍ മേരി കോം. നിഖാത്ത് സറീന് കൈ കൊടുക്കാന്‍ വിസമ്മതിച്ച് മേരി കോം മത്സരശേഷം പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ വൈറലാവുകയാണ്. ഒളിമ്പിക് യോഗ്യതാ ട്രയല്‍സ് വേദിയിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ദൃശ്യങ്ങൾ എംഎംഎ ഇന്ത്യ ട്വീറ്റ് ചെയ്‌തു.
മത്സര ശേഷം തന്‍റെ നടപടിയെ ന്യായീകരിച്ച് ആറ് തവണ ലോക ചാമ്പ്യനായ മേരികോം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്‌തു.
എന്തിനാണ് താന്‍ അവർക്ക് കൈകൊടുക്കുന്നത്. അവർ ആദരം ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവരെ ബഹുമാനിക്കാന്‍ പഠിക്കണം. അത്തരം ആളുകളുടെ പെരുമാറ്റം എനിക്ക് ഇഷ്‌ടമില്ല. വാദങ്ങൾ റിങ്ങിന് പുറത്തല്ല അകത്താണ് വേണ്ടത്. വരാന്‍ പോകുന്ന വലിയ പോരാട്ടത്തെ കുറിച്ചുമാത്രമാണ് ചിന്തിക്കുന്നതെന്നും അവർ പറഞ്ഞു.
എതിരാളി നിഖാത്ത് സറീന് കൈ കൊടുക്കാന്‍ വിസമ്മതിച്ച് ബോക്‌സിങ്ങിലെ ലോക ചാമ്പ്യന്‍ മേരി കോം.
51കിലോ വിഭാഗത്തില്‍ 9-1 ന് സറീനെ പരാജയപ്പെടുത്തിയാണ് മേരി കോം ഒളിമ്പിക് യോഗ്യതാ റൗണ്ടില്‍ കടന്നത്. ബോക്‌സിങ് ഫെഡറേഷന്‍റെ സെലക്ഷന്‍ പോളിസിയെക്കുറിച്ച് മേരി കോമിനെതിരെ സറീന്‍ ഈ വർഷം പകുതിയോടെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഒക്‌ടോബർ 17-ന് സറീന്‍ ഫെഡറേഷന്‍റെ തീരുമാനത്തെ വെല്ലുവിളിച്ച് കേന്ദ്ര കായിക മന്ത്രാലയത്തിന് കത്ത് എഴുതുകയും ചെയ്‌തു. ഇതേ തുടർന്നാണ് മേരി കോം ട്രയല്‍സില്‍ പങ്കെടുത്തത്.
അതേസമയം ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടാനുള്ള തയ്യാറെടുപ്പ് മേരി കോം നേരത്തെ തന്നെ തുടങ്ങിയിരുന്നു. നിരവധി റെക്കോഡുകള്‍ സ്വന്തമായട്ടുണ്ടെങ്കിലും ഈ മണിപ്പൂരുകാരിക്ക് ഇതേവരെ ഒളിമ്പിക്സില്‍ സ്വര്‍ണം നേടാന്‍ സാധിച്ചിട്ടില്ല. നേരത്തെ നടന്ന റിയോ ഒളിമ്പിക്‌സില്‍ യോഗ്യത നേടാന്‍ കഴിയാത്തതിനെ തുടർന്ന് മേരികോം വിരമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ വർഷം പകുതിയോടെ റഷ്യയിലെ ഉലാന്‍-ഉദെയില്‍ നടന്ന ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം 51 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു.