ബ്യൂണസ് ഐറിസ്:ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ അര്‍ജന്‍റീന കളിച്ച ആദ്യ മത്സരമായിരുന്നു പനാമായ്‌ക്ക് എതിരെ ഇന്നലെ നടന്നത്. അതും സ്വന്തം കാണികള്‍ക്ക് മുന്നിലെന്നത് ലോക ചാമ്പ്യന്മാര്‍ക്ക് ആവേശം നല്‍കി. ഈ മത്സരം കാണാനായി ബ്യൂണസ് ഐറിസിലെ മൊനുമെന്‍റൽ സ്റ്റേഡിയത്തിൽ 83,000 ആരാധകരാണ് എത്തിയത്.
15 ലക്ഷം അപേക്ഷകരില്‍ നിന്നുമാണ് ഈ ഭാഗ്യശാലികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിനായി സൂപ്പര്‍ താരം ലയണല്‍ മെസിയും പരിശീലകന്‍ ലയണല്‍ സ്‌കലോണിയും ഉള്‍പ്പെടെയുള്ളവര്‍ കുടുംബവുമായാണ് എത്തിയത്. ഓരോ നിമിഷവും ഏറെ വൈകാരികമായ നിമിഷമാണ് സ്റ്റേഡിയത്തില്‍ കാണാന്‍ കഴിഞ്ഞത്.
ആര്‍ത്തിരമ്പുന്ന ജനക്കൂട്ടം വീണ്ടുമൊരിക്കല്‍ കൂടെ 'മുച്ചാച്ചോസ്, വി കാന്‍ ഡ്രീം എഗെയ്‌ന്‍'.. ഒരേ സ്വരത്തിൽ ആലപിച്ചപ്പോൾ പലരും കണ്ണീരിന്‍റെ വക്കിലെത്തി. കൂട്ടുകാരെ നമുക്ക് വീണ്ടും സ്വപ്‌നം കാണാം.. എന്നര്‍ഥം വരുന്ന ഗാനം ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റൈന്‍ താരങ്ങളുടെ ചങ്കില്‍ തീ പകര്‍ന്നിരുന്നു.
കിക്കോഫിന് മുന്നെ കളിക്കാര്‍ ഗ്രൗണ്ടില്‍ അണിനിരന്നപ്പോള്‍ ലയണല്‍ മെസിയുള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. പലരും കണ്ണീര്‍ വാര്‍ക്കുന്നതും കാണാന്‍ കഴിഞ്ഞു. ഒടുവില്‍ മത്സരം ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വിജയിക്കാനും ആതിഥേയര്‍ക്ക് കഴിഞ്ഞിരുന്നു.
ലയണല്‍ മെസി ടീമംഗങ്ങളോടൊപ്പം
കളിക്കളത്തില്‍ നേരിട്ടത് താരതമ്യേന ദുര്‍ബലരായ എതിരാളികളെയാണെങ്കിലും മത്സരത്തിന്‍റെ രണ്ടാം പകുയിയിലാണ് ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീനയ്‌ക്ക് വലകുലുക്കാന്‍ സാധിച്ചത്. തികഞ്ഞ യോജിപ്പോടെയും അച്ചടക്കത്തോടെയും പന്തുതട്ടിയെങ്കിലും 78ാം മിനിട്ടിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. 21കാരന്‍ തിയാഗോ അല്‍മാഡയായിരുന്നു ആൽബിസെലെസ്‌റ്റെകള്‍ക്കായി ആദ്യ ഗോളടിച്ചത്.
മെസിയെടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു ഈ ഗോളിന്‍റെ വരവ്. സൂപ്പര്‍ താരത്തിന്‍റെ ഷോട്ട് പനാമ പോസ്റ്റില്‍ ഇടിച്ചു മടങ്ങി. പന്ത് ലഭിച്ച ലിയാൻഡ്രോ പരേഡെസ് മറച്ച് നല്‍കിയപ്പോള്‍ തന്‍റെ ആദ്യ അന്താരാഷ്‌ട്ര ഗോള്‍ നേടുന്നതില്‍ നിന്നും തിയാഗോയെ തടയാന്‍ പനാമ ഗോള്‍ കീപ്പര്‍ക്കോ പ്രതിരോധ താരങ്ങള്‍ക്കോ കഴിഞ്ഞില്ല. തുടര്‍ന്ന് നായകന്‍ ലയണല്‍ മെസി തന്നെ ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളിലൂടെ സംഘത്തിന്‍റെ പട്ടിക പൂര്‍ത്തിയാക്കുകയിരുന്നു.
പനാമയുടെ വലയില്‍ പന്തെത്തിച്ചതോടെ കരിയറില്‍ 800 ഗോളുകളെന്ന നേട്ടം സ്വന്തമാക്കാനും ലയണല്‍ മെസിക്ക് കഴിഞ്ഞു. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് കരിയറില്‍ നേരത്തെ ഈ നിര്‍ണായക നാഴികകല്ല് പിന്നിട്ടത്. മത്സര ശേഷം തങ്ങളുടെ ലോകകപ്പ് നേട്ടം അര്‍ജന്‍റൈന്‍ താരങ്ങള്‍ ആഘോഷിച്ചിരുന്നു. തുടര്‍ന്ന് സംസാരിക്കവേ ഏറെ വികാര നിര്‍ഭരനായിരുന്നു മെസി.
താനേറെ സ്വപ്‌നം കണ്ട നിമിഷമാണിതെന്ന് താരം പറഞ്ഞു. "ഞാൻ എപ്പോഴും ഈ നിമിഷം സ്വപ്നം കണ്ടിരുന്നു. ഒരു കോപ്പ അമേരിക്കയും ഒരു ലോകകപ്പും നേടി രാജ്യത്ത് തിരിച്ചെത്തി നിങ്ങളോടൊപ്പം ആഘോഷിക്കാന്‍". അര്‍ജന്‍റൈന്‍ നായകന്‍ പറഞ്ഞു.
പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്ന സ്‌കലോണി തന്‍റെ വാക്കുകള്‍ മുഴുമിപ്പിച്ചത്. "കളിക്കാരുടെ ഈ സംഘത്തോട് ഞാൻ എന്നെന്നും നന്ദിയുള്ളവനാണ്. ഫുട്ബോൾ അവരുടേതാണ്, ഈ ജഴ്സി ധരിക്കുന്ന എല്ലാവർക്കും അത് അവകാശപ്പെട്ടതാണ്. ടീമിനായി അവസാനത്തെ ഓരോ തുള്ളി വിയർപ്പും അവർ നല്‍കുന്നു.
ചിലപ്പോഴൊക്കെ ഫലം നമ്മള്‍ ആഗ്രഹിച്ചതായിരുന്നില്ല. എന്നാല്‍ ഇത്തവണ നമുക്കത് ചെയ്യാന്‍ കഴിഞ്ഞു. ഈ നിമിഷം അത് അതിശയകരമാണ്." സ്‌കലോണി പറഞ്ഞു. ഫിഫ ലോകകപ്പില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള 36 വര്‍ഷത്തെ കാത്തിരിപ്പായിരുന്നു മെസിപ്പട ഖത്തറില്‍ അവസാനിപ്പച്ചത്.
ALSO READ:ഫ്രീ കിക്കിലൂടെ 800-ാം ഗോളടിച്ച് മെസി; സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പാനമയെ വീഴ്‌ത്തി അര്‍ജന്‍റീന